ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് പിന്നാലെ ഡിആര്‍എസ് വിവാദം

രാജ്‌കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് പിന്നാലെ ഡിആര്‍എസ് വിവാദം. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ സാക്ക് ക്രൗളി പുറത്തായത് തെറ്റായ തീരുമാനത്തിലെന്ന് ആരോപിച്ച് ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സ് രംഗത്തെത്തി. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബംറയുടെ പന്തില്‍ സാക്ക് ക്രൗളി എല്‍ബിഡബ്ല്യു വിക്കറ്റായി. എന്നാല്‍ അമ്പയറുടെ തീരുമാനത്തിനെതിരെ സാക് ക്രൗളി ഡിആര്‍എസ് നല്‍കി. ടെലിവിഷന്‍ റിപ്ലയേലില്‍ പന്ത് സ്റ്റമ്പില്‍ കൊള്ളില്ലെന്നായിരുന്നു ദൃശ്യങ്ങള്‍. എന്നാല്‍ ക്രൗളിയെ ഔട്ട് വിളിച്ച മുന്നാം അമ്പയര്‍ തീരുമാനമാണ് വിവാദമായത്.

26 പന്തില്‍ 11 റണ്‍സെടുത്ത സാക് ക്രൗളി പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രമെ ഉണ്ടായിരുന്നുള്ളു. നാലാം ദിനം രണ്ടാം സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ രണ്ട് വിക്കറ്റിന് 18 റണ്‍സെന്നായിരുന്നു. പിന്നീട് വന്നവരാരും മികച്ച ബാറ്റിംഗ് പുറത്തെടുക്കാതെ വന്നതോടെ ഇംഗ്ലണ്ട് വെറും 122 റണ്‍സില്‍ ഓള്‍ ഔട്ടായി. ഇന്ത്യയ്ക്ക് 434 റണ്‍സിന്റെ റെക്കോര്‍ഡ് വിജയവും നേടാന്‍ കഴിഞ്ഞു.

ഇക്കാര്യത്തില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് മാച്ച് റഫറിയോട് വിശദീകരണം തേടി. എന്താണ് സംഭവിച്ചതെന്നതില്‍ വ്യക്തത വേണമെന്ന് ബെന്‍ സ്റ്റോക്‌സ് പറഞ്ഞു. എന്നാല്‍ സാങ്കേതിക തകരാര്‍ ആണ് കാരണമെങ്കില്‍ അതിന് പിന്നാലെ പോകാനില്ലെന്നും ഇംഗ്ലീഷ് നായകന്‍ പറയുന്നു. എങ്കിലും ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കണമെന്നും സ്റ്റോക്‌സ് ആവശ്യപ്പെട്ടു.

Top