ജയിൽ പുള്ളികള്‍ക്കായി ലഹരി വസ്തുക്കൾ കടത്താൻ ശ്രമം: പൂച്ച കസ്റ്റഡിയിൽ

വാഷിംഗ്ടൺ: പനാമയിൽ ജയിലിനകത്ത് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച പൂച്ചയെ പിടികൂടി അധികൃതർ. ശരീരത്തിൽ നിരോധിത ലഹരി വസ്തുക്കൾ ഉൾപ്പെടുന്ന ബാഗുമായി സഞ്ചരിച്ച പൂച്ചയെയാണ് പോലീസ് പിടികൂടിയത്. പനാമയിലെ വടക്കൻ പ്രദേശമായ കോളണിലെ ന്യൂസ് എസ്പരാൻസ് ജയിലിന് അകത്തുവെച്ചാണ് പൂച്ച പിടിയിലാകുന്നത്.

പൂച്ചയുടെ കഴുത്തിന് ചുറ്റും ഒരു തുണികൊണ്ട് കെട്ടിയിരുന്നു. കഴുത്തിൽ ചുറ്റിയ ഈ തുണിയ്ക്കുള്ളിലാണ് ലഹരിവസ്തുക്കളുള്ളത്. കഞ്ചാവും കൊക്കയ്‌നും ക്രാക്കുമാണ് പൂച്ച കടത്താൻ ശ്രമിച്ചത്. പൂച്ചയെ വളർത്തു മൃഗങ്ങൾക്കായുള്ള അഡോപ്ഷൻ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയിലിനകത്ത് നിരോധിത വസ്തുക്കൾ കടത്താൻ ശ്രമിച്ച കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജയിൽ ഉദ്യോഗസ്ഥർ അറിയിച്ചു.

ജയിലിൽ ഏകദേശം 1800 ഓളം തടവുപുള്ളികളാണുള്ളത്. ജയിലിന് പുറത്തുള്ള ആളുകൾ മൃഗങ്ങളുടെ ശരീരത്തിൽ മയക്കുമരുന്ന് ഘടിപ്പിച്ച് ജയിലിനകത്തേയ്ക്ക് കടത്തിവിടും. ശേഷം തടവുകാർ ഭക്ഷണങ്ങൾ കാണിച്ച് മൃഗങ്ങളെ അടുത്തേയ്ക്ക് ക്ഷണിച്ച് പാക്കേജുകൾ കൈപ്പറ്റുന്ന രീതിയാണിത്. തടവിലാക്കപ്പെട്ട കുറ്റവാളിയായ പൂച്ചയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്

Top