കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ലഹരിവേട്ട; കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു

മറയൂര്‍: കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ചിന്നാര്‍ ചെക്ക് പോസ്റ്റില്‍ കഞ്ചാവും എം.ഡി.എം.എ.യുമായി നാലുയുവാക്കള്‍ പിടിയിലായി. തൃശ്ശൂര്‍ തളിദേശത്ത് പിലക്കാട് മേന്നാലി വീട്ടില്‍ എസ്. അനസ്(22), തൊടുപുഴ വെള്ളിയാമറ്റം പന്നിമറ്റം കുമ്പളാംകുന്നേല്‍ വീട്ടില്‍ എസ്. തോംസണ്‍ സെബാസ്റ്റ്യന്‍ (23), തൊടുപുഴ ഇലപ്പള്ളി വടക്കേപറമ്പില്‍ വിട്ടില്‍ ടോജന്‍ ദേവസ്യ (23), ഇലപ്പള്ളി മുല്ലയ്ക്കല്‍ വീട്ടില്‍ അനീഷ് എം.എസ്. (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കല്‍നിന്ന് 280 ഗ്രാം കഞ്ചാവും 394 മില്ലിഗ്രാം എം.ഡി.എം.എ.യും കണ്ടെടുത്തു. ഉദുമലൈ പേട്ടയില്‍നിന്ന് മറയൂരിലേക്ക് വരും വഴിയാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. മറയൂര്‍ എക്സൈസ് റേഞ്ചും ചിന്നാര്‍ എക്സൈസ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

എന്‍.ഡി.പി.എസ്. ആക്ട് 1985 പ്രകാരം കേസെടുത്തു പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി. മറയൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സുമേഷ് പി.എം., പ്രിവന്റീവ് ഓഫിസര്‍ ശ്രീകുമാര്‍ എസ്., സി.ഇ.ഒ.മാരായ ലിബിന്‍ രാജ്, ജോണ്‍സണ്‍ പി., സൗമ്യ എം.ആര്‍., ചിന്നാര്‍ എക്സൈസ് ചെക്ക് പോസ്റ്റിലെ സി.ഇ.ഒ.മാരായ ശ്രീകുമാര്‍, അനൂപ് ജോസഫ്, ആല്‍വിന്‍ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടി തൊണ്ടിമുതല്‍ കണ്ടെടുത്തത്.

Top