തിരുവനന്തപുരം: ലഹരിയെക്കുറിച്ച് സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം. മാത്യു കുഴല്‍നാടന്‍ ലഹരി ഉപയോഗത്തില്‍ സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.
നോട്ടിസിലെ കാര്യങ്ങൾ ഗൗരവമേറിയ കാര്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എന്നാല്‍ കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ല. കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യയില്‍ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമില്ലെന്നും എം ബി രാജേഷ് പറഞ്ഞു. 263 സ്കൂളുകളുടെ പരിസരത്ത് ലഹരി വില്‍പ്പന നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലഹരിമാഫിയയെ അടിച്ചമര്‍ത്തും. കര്‍ശന നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടികളുണ്ടാവുമെന്നും എം ബി രാജേഷ് സഭയില്‍ പറഞ്ഞു.
അഴിയൂര്‍ സംഭവം വളരെ ഗൌരവത്തോടെ സര്‍ക്കാര്‍ കണ്ടുവെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ രഹസ്യമൊഴിയെടുത്തു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. മലയന്‍കീഴ് സംഭവത്തില്‍ രാഷ്ട്രീയ സംരക്ഷണമില്ലെന്നും പ്രതി ജയിലിലാണെന്നും മന്ത്രി വിശദീകരിച്ചു. പ്രതിക്ക് സംരക്ഷണം കിട്ടിയിട്ടില്ല. ഇത്തരം കേസുകളെ നേരിടുന്നത് നിയമപരമായി. ചില കേസുകള്‍ മാത്രം മാത്യു ഓര്‍ക്കുന്നതായും എം ബി രാജേഷ് പറഞ്ഞു. എസ്എഫ്ഐ നേതാവിനെ ലഹരിസംഘം ആക്രമിച്ചത് മാത്യു പറഞ്ഞില്ല. മാത്യുവിന്‍റെ പ്രസംഗത്തില്‍ ഉടനീളം രാഷ്ട്രീയ ദുഷ്ടലാക്കെന്നും മന്ത്രി പറഞ്ഞു.