ലഹരി മരുന്ന് ഇതുവരെയും ഉപയോഗിച്ചിട്ടില്ല, സുശാന്തിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു

മുംബൈ: താന്‍ ഇതുവരെ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിനെ കഞ്ചാവ് ഉപയോഗിക്കുന്നതില്‍നിന്നു പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്നും വിശദീകരണവുമായി നടി റിയ ചക്രവര്‍ത്തി. സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയായാണ് റിയ രംഗത്തെത്തിയത്. ദേശീയ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് റിയയുടെ വെളിപ്പെടുത്തല്‍. ഞാന്‍ ഇതുവരെ ഒരു ലഹരി ഇടപാടുകാരനുമായും സംസാരിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ഏതു തരത്തിലുമുള്ള രക്തപരിശോധനയ്ക്കും ഞാന്‍ തയാറാണ്. ഞാന്‍ പറയുന്നതെല്ലാം തെറ്റിദ്ധരിക്കപ്പെടുകയാണ്’ റിയ പറഞ്ഞു.

റിയയുടെ വാട്‌സാപ് ചാറ്റുകള്‍ പുറത്തുവന്നതോടെയാണ് അവര്‍ക്കു ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും സുശാന്തിന് ലഹരിമരുന്നുകള്‍ നല്‍കിയിരുന്നുവെന്നും അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. സംഭവുമായി ബന്ധപ്പെട്ട നര്‍ക്കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ റിയയ്‌ക്കെതിരെ കേസും റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ റിയ ജീവിതത്തില്‍ ഒരിക്കല്‍ പോലും ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും രക്തപരിശോധനയ്ക്കു തയാറാണെന്നും റിയയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സുശാന്ത് അറിയാതെ റിയ ലഹരിമരുന്ന് നല്‍കുകയായിരുന്നുവെന്നാണ് സുശാന്തിന്റെ അഭിഭാഷകന്‍ വികാസ് സിങ് ആരോപിച്ചത്. തങ്ങള്‍ ഒന്നിച്ചുള്ള യുറോപ്യന്‍ യാത്രയില്‍ സുശാന്ത് കുടുംബവുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്നുവെന്നും റിയ പറഞ്ഞു. സുശാന്തിന്റെ കുടുംബത്തിന് അദ്ദേഹത്തിന്റെ വിഷാദരോഗത്തെ കുറിച്ച് അറിവുണ്ടായിരുന്നു. മരുന്നുകളെയും ഡോക്ടര്‍മാരെയും കുറിച്ച് നവംബറില്‍ ഞാന്‍ അവരോട് പറഞ്ഞിരുന്നു. എന്നിട്ടും ഒരു രാത്രി സുശാന്തിനെ തനിച്ചാക്കി അവര്‍ ഇറങ്ങിപ്പോയി.

സുശാന്തിന്റെ സഹോദരി അര്‍ധരാത്രിയില്‍ എന്നോട് മോശമായി പെരുമാറിയപ്പോള്‍ ഞാനും സുശാന്തും തമ്മിലുള്ള ബന്ധത്തിലും പ്രശ്‌നങ്ങളുണ്ടായി. റിയ സുശാന്തിന് വിഷം നല്‍കിയിരുന്നെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും സുശാന്തിന്റെ പിതാവ് ആരോപിച്ചിരുന്നു.

Top