കാനഡ: റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള റഷ്യന്‍ സംഘത്തിന് തിരിച്ചടി. ലോക ലഹരിവിരുദ്ധ ഏജന്‍സിയായ വാഡ (വേള്‍ഡ് ആന്റി ഡോപിംഗ് ഏജന്‍സി)യുടെ റിപ്പോര്‍ട്ടിലാണ് 2014 സോച്ചിയില്‍ നടന്ന ശീതകാല ഗെയിംസില്‍ റഷ്യന്‍ അത്‌ലറ്റുകള്‍ ലഹരി മരുന്ന് ഉപയോഗിച്ചതായുള്ള ശാസ്ത്രീയ രേഖകള്‍ പുറത്ത് വന്നിരിക്കുന്നത്.
ഇതോടെ റിയോ ഒളിംപിക്‌സില്‍ റഷ്യയെ വിലക്കാനുള്ള സാധ്യതയും ഏറി. സര്‍ക്കാര്‍ പിന്തുണയോടെയാണ് താരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതെന്നാണ് സമിതിയുടെ കണ്ടെത്തല്‍. കായിക മന്ത്രാലയത്തിന്റെ പിന്തുണയോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സോച്ചി ഒളിംപിക്‌സില്‍ മെഡല്‍ നേടിയ 15 താരങ്ങളുടെ മൂത്രസാംപിളില്‍ മോസ്‌കോ ലാബില്‍ വെച്ച് ക്രമക്കേട് നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. റഷ്യന്‍ താരങ്ങളെ ഒളിംപിക്‌സില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ അമേരിക്കയും കാനഡയും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചില്ലെന്ന് സ്വയം തെളിയിച്ചാല്‍ താരങ്ങള്‍ക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കാമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി.