അയ്യപ്പ ഭക്തരായി വേഷപ്പകര്‍ച്ച; ആലുവയിലെ ലഹരിവേട്ട എക്‌സൈസിന്റെ മാസ്റ്റര്‍ പ്ലാന്‍

കൊച്ചി: ആലുവയില്‍ ലഹരിമരുന്നു വേട്ട നടത്തിയത് അന്വേഷണ സംഘം അയ്യപ്പ ഭക്തരുടെ വേഷത്തില്‍ എത്തി. പാനിപ്പൂരി, ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകളിലാക്കി കടത്തിക്കൊണ്ടു വരികയായിരുന്ന ഏകദേശം മൂന്നു കോടിയോളം വരുന്ന 3 കിലോ എംഡിഎംഎയാണ് എക്‌സൈസ് ഇന്റലിജന്‍സ് സംഘം അതിവിദഗ്ധമായി പിടികൂടിയത്.

കൊടുങ്ങല്ലൂര്‍ സ്വദേശികളായ സൈനുലാബുദീന്‍ (23), രാഹുല്‍ സുഭാഷ് (27) എന്നിവരാണ് പിടിയിലായത്. മംഗള- ലക്ഷദ്വീപ് എക്‌സ്പ്രസ് ട്രെയിനില്‍ ഡല്‍ഹിയില്‍നിന്നു കൊണ്ടുവരികയായിരുന്ന ലഹരിയാണു പിടിച്ചെടുത്തത്.

ഇവര്‍ ലഹരി ഇടപാടു നടത്തുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നു നിരീക്ഷിച്ചു വരുന്നതിനിടെയാണ് പിടിയിലായത്. ലഹരിയുമായി ഇവര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നു രാവിലെ അയ്യപ്പ ഭക്തരുടെ വേഷത്തില്‍ ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ കയറുകയായിരുന്നു.

ആലുവ ആര്‍പിഎഫിന്റെയും എക്‌സൈസിന്റെയും സഹായത്തോടെ തൃശൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറും സംഘവുമാണ് പരിശോധന നടത്തിയത്. ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫിസര്‍മാരായ കെ.എസ്.ഷിബു, ഒ.എസ്.സതീഷ്, പി.ആര്‍.സുനില്‍കുമാര്‍, എ.ജെ.ലോനപ്പന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

പിടിയിലായ സംഘത്തില്‍നിന്ന് ഡല്‍ഹി ഫരീദാബാദില്‍ നിന്നുള്ള ട്രെയിന്‍ ടിക്കറ്റ് കണ്ടെടുത്തു. പിടികൂടിയാലും പെട്ടെന്നു സംശയം തോന്നാതിരിക്കാന്‍ ജ്യൂസ് പാക്കറ്റിന്റെ അടിഭാഗം തുറന്നു ജൂസ് കളഞ്ഞശേഷം അതിലും പാനിപ്പൂരി പായ്ക്കറ്റില്‍ കവറുകളിലാക്കിയ നിലയിലുമായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. പുതുവര്‍ഷ ഡിജെ പാര്‍ട്ടികളെ ലക്ഷ്യമിട്ടാണ് ലഹരിക്കടത്തെന്ന് എക്‌സൈസ് പറഞ്ഞു. തൃശൂര്‍, എറണാകുളം ജില്ലകളില്‍ വിതരണത്തിന് എത്തിച്ചതാണ് ഇവ എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

Top