ലഹരിക്കടത്ത് : സിപിഎം നേതാവ് ഷാനവാസിനെ പൊലീസ് ചോദ്യം ചെയ്തു

ആലപ്പുഴ: കരുനാഗപ്പള്ളിയിൽ ഒരു കോടിയുടെ നിരോധിത ലഹരി വസ്തുക്കൾ പിടിച്ച സംഭവത്തിൽ, ലോറി ഉടമയായ സിപിഎം നഗരസഭ കൗൺസിലർ എ ഷാനവാസിനെ പൊലീസ് ചോദ്യം ചെയ്തു. കരുനാഗപ്പള്ളി പൊലീസാണ് ആലപ്പുഴയിലെത്തി ഷാനവാസിനെ ചോദ്യം ചെയ്തത്. ലഹരി വസ്തുക്കളുമായി പിടിയിലായ മറ്റൊരു ലോറിയുടെ ഉടമ അൻസാറിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

ലോറി കട്ടപ്പന സ്വദേശി ജയൻ എന്നയാൾക്ക് മാസവാടകയ്ക്ക് നൽകിയിരിക്കുകയാണെന്നാണ് ഷാനവാസ് വ്യക്തമാക്കിയത്. എന്നാൽ വാടക കരാറിലുള്ള ജയനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഷാനവാസ് നൽകിയ വാടകക്കരാറിന്റെ ആധികാരികതയും പൊലീസ് പരിശോധിച്ചു വരികയാണ്.

കേസിൽ ലോറി ഉടമകളെ ഇതുവരെ പ്രതിയാക്കിയിട്ടില്ല. ആരോപണ വിധേയനായ ഷാനവാസിനെ ഇന്നലെ സിപിഎമ്മിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ഷാനവാസിനെതിരായ ആരോപണം അന്വേഷിക്കാൻ മൂന്നംഗ അന്വേഷണ കമ്മീഷനെയും പാർട്ടി നിയോഗിച്ചു. ലോറി വാങ്ങിയത് പാർട്ടിയെ അറിയിച്ചില്ല. ലോറി വാടകയ്ക്ക് നൽകിയപ്പോൾ ഷാനവാസ് ജാഗ്രത പാലിച്ചില്ലെന്നും ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

കേസിൽ പിടിയിലായ മുഖ്യപ്രതി, സിപിഎം ആലപ്പുഴ സീ വ്യൂ വാർഡ് ബ്രാഞ്ച് കമ്മിറ്റി അംഗമായ ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഡിവൈഎഫ്‌ഐ ആലപ്പുഴ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ് മൂന്നാം പ്രതിയായ സജാദ്. ഇയാൾക്കെതിരായ നടപടി ആ സംഘടന തീരുമാനിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.

കഴിഞ്ഞദിവസമാണ് പച്ചക്കറികൾക്കൊപ്പം ലോറികളിൽ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന 98 ചാക്ക് പുകയില ഉത്പന്നങ്ങൾ രണ്ടു ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതിൽ കെ എൻ 04, എ ടി 1973 എന്ന ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് ലഹരി വസ്തുക്കൾ കടത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Top