ജനങ്ങളെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഒരു മാധ്യമമാണ് സിനിമ. അതു കൊണ്ടു തന്നെ സിനിമാ പ്രവര്‍ത്തകരും ഉത്തരവാദിത്വത്തോട് കൂടി പെരുമാറേണ്ടതുണ്ട്. തങ്ങള്‍ പുറത്തു വിടുന്ന ആശയങ്ങള്‍ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്നത് കൂടി ഈ പുതിയ കാലത്ത് ചിന്തിക്കുന്നത് നല്ലതായിരിക്കും. മയക്കുമരുന്നിനെ പോത്സാഹിപ്പിക്കുന്ന രംഗങ്ങള്‍ സിനിമകളില്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന ആരോപണവും നിലവില്‍ ശക്തമാണ്. ഇതേകുറിച്ച് ഗൗരവമായ ഒരന്വേഷണത്തിന് കേരള പൊലീസാണ് തയ്യാറാകേണ്ടത്. മയക്കു മരുന്നിനെതിരായ വേട്ട ആദ്യം തുടങ്ങേണ്ടത് സിനിമാ മേഖലയില്‍ നിന്നാണ് അവര്‍ക്കിടയില്‍ സംശയിക്കുന്നവരുടെ ഇടയിലാണ് ആദ്യം റെയ്ഡും നടക്കേണ്ടത്. എന്തു കൊണ്ട് അത് പൊലീസ് ചെയ്യുന്നില്ല എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
പുതു തലമുറയില്‍പ്പെട്ട സിനിമാക്കാര്‍ക്കിടയിലും മയക്കുമരുന്ന് ഉപയോഗം വളരെ കൂടുതലാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ലഹരി തലക്ക് പിടിച്ച് കഥയെഴുതുന്നവനിലും അത് ചിത്രീകരിക്കുന്ന സംവിധായകനിലും മാത്രമല്ല അഭിനയിക്കുന്ന നടന്‍മാരില്‍ വരെ ലഹരി അതിന്റെ ആധിപത്യം വലിയ രൂപത്തില്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇതാകട്ടെ സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നതും തെറ്റായ സന്ദേശമാണ്. സിനിമക്ക് പുറത്ത് പൊതു ഇടങ്ങളില്‍ പോലും ലഹരി തലയ്ക്കു പിടിച്ചവരെ പോലെ പെരുമാറുന്ന രൂപത്തിലേക്ക് ചില സിനിമാ പ്രവര്‍ത്തകര്‍ മാറിക്കഴിഞ്ഞു. ഇത്തരത്തില്‍ പെരുമാറിയ ചില താരങ്ങളുടെ പ്രകടനം ഇപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ലഭ്യമാണ്. ഇതെല്ലാം നിരീക്ഷിച്ച് നടപടി എടുക്കാത്തതിനാല്‍ എന്തും ചെയ്യാം എന്ന തോന്നല്‍ സിനിമാക്കാര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. അപകടകരമായ ചിന്താഗതിയാണിത്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാരെ വളഞ്ഞിട്ട് പിടിക്കുന്ന പൊലീസ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന സിനിമാക്കാരെയും പിടികൂടണം. നിയമം എല്ലാവര്‍ക്കും ബാധകമാണ് അക്കാര്യത്തില്‍ ഒരിക്കലും വിവേചനം പാടില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇടുക്കിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ നടത്തിയ മയക്കുമരുന്ന് വേട്ടയ്ക്ക് ശേഷം മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ ഒരു ലിസ്റ്റ് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കുകയുണ്ടായി. ഇതില്‍ യുവ സംവിധായകര്‍ മുതല്‍ ചെറുപ്പക്കാരായ സൂപ്പര്‍ താരങ്ങള്‍ വരെയുണ്ട്. നായിക നടിമാര്‍ ഉള്‍പ്പെടെയുള്ളവരും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പൊലീസിന് ലഭിച്ചിരുന്നത്. ഐ.ജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലുള്ള ഈ സംഘം റെയ്ഡിന് തയ്യാറെടുക്കവെ അന്നതിനെ വിലക്കിയത് പൊലീസ് ആസ്ഥാനത്തു നിന്നായിരുന്നു. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സുഹൃത്തായ ആ പൊലീസ് ഉന്നതന്‍ ഇപ്പോള്‍ സര്‍വ്വീസിലില്ല. ഈ അവസരം പ്രയോജനപ്പെടുത്തി ഇനിയെങ്കിലും കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകുകയാണ് വേണ്ടത്. സിനിമാ പ്രവര്‍ത്തകര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്നവരുടെ ഉറവിടം കണ്ടെത്തിയാല്‍ അത് മയക്കുമരുന്ന് മാഫിയയെ പിടിക്കാന്‍ ഏറെ സഹായകരമാകുമെന്നതും ഉറപ്പാണ്. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സിനിമാ സംഘടനകളും കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ട്. താര സംഘടനയായ ‘അമ്മ’ ക്ലബാണെങ്കിലും അല്ലെങ്കിലും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന അംഗങ്ങളെ തിരുത്താന്‍ തയ്യാറാകണം. അതുപോലെ തന്നെ പൊതു ഇടങ്ങളില്‍ മോശമായി പെരുമാറുന്ന താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും താര സംഘടനയ്ക്ക് ബാധ്യതയുണ്ട്. പ്രസ്സ് മീറ്റിനിടക്ക് മുന്‍പ് ഒരു സിനിമാതാരം മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചതിന് ആ താരത്തിനെതിരെ ഒരു നടപടിയും അമ്മ എന്ന സംഘടന സ്വീകരിച്ചിട്ടില്ല. അതു കൊണ്ടാണ് സമാന രീതിയില്‍ ഇപ്പോള്‍ മറ്റൊരു താരവും പ്രവര്‍ത്തിച്ചിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു കഴിഞ്ഞു. ഇത്തരത്തില്‍ പെരുമാറുന്നവര്‍ക്കുള്ള മുന്നറിയിപ്പു കൂടിയാണിത്. താര സംഘടന മൗനം തുടരുമ്പോഴും ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമാമേഖലയിലെ മറ്റ് സംഘടനകളുടെ തീരുമാനങ്ങള്‍ ആ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരാണ് എടുക്കേണ്ടതെന്ന സിയാദ് കോക്കറുടെ മറുപടി താര സംഘടനക്കു നേരെയുള്ള ‘ഒളിയമ്പാണ് ”. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയില്‍ നിന്നും നടപടി സ്വീകരിക്കുന്നതില്‍ താമസം ഉണ്ടാകില്ലെന്നാണ് സിയാദ് കോക്കര്‍ വ്യക്തമാക്കിയിരിക്കുന്നത്.
സംഭവം നടന്നയുടനെ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റു ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണമായിരുന്നെന്ന സിയാദ് കോക്കറുടെ പ്രതികരണം ഇന്ന് സിനിമാ മേഖല അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയിലേക്കാണ് വിരല്‍ ചൂണ്ടിയിരിക്കുന്നത്. നടന്റെ രക്തസാമ്പിളുകള്‍ പരിശോധിച്ചാല്‍ മാത്രമേ എന്തിന്റെ അടിമയാണെന്ന് കണ്ടെത്താന്‍ സാധിക്കൂവെന്ന നിലപാടില്‍ തന്നെ എല്ലാം വ്യക്തവുമാണ്.
‘ചട്ടമ്പി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയ ശ്രീനാഥ് ഭാസി അഭിമുഖത്തിനിടെ തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തിയെന്നുമാണ് മാധ്യമ പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അവതാരകയുടെ പരാതിയില്‍ ശ്രീനാഥ് ഭാസിക്ക് എതിരെ കേസ് എടുത്ത മരട് പൊലീസ് മാധ്യമപ്രവര്‍ത്തകയുടെ മൊഴിയും വിശദമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്ത സംഭവം താര സംഘടനയായ അമ്മയെയാണ് ഇപ്പോള്‍ ശരിക്കും ഞെട്ടിച്ചിരിക്കുന്നത്.
EXPRESS KERALA VIEW