ദോഹ: ഒന്നര വര്‍ഷത്തിലധികമായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് മോചനം. ലഹരിമരുന്ന് കടത്തുകേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ ദമ്പതികളെ ഖത്തര്‍ അപ്പീല്‍ കോടതി വെറുതെ വിട്ടു. മുംബൈ സ്വദേശികളായ മുഹമ്മദ് ഷെറീഖും ഒനീബയുമാണ് മോചിതരായത്. ഇന്ന് രാവിലെയാണ് (മാര്‍ച്ച് 29) ദമ്പതികളെ വെറുതെവിട്ടു കൊണ്ട് കോടതി വിധി പ്രഖ്യാപിച്ചത്.
ഒരു പ്രാവശ്യം ശിക്ഷാവിധി പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷം കേസ് പുനരവലോകനം നടത്തി അപ്പീല്‍ കോടതി വീണ്ടും വിധി പ്രഖ്യാപിക്കുന്നത് ഖത്തര്‍ കോടതികളിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. സ്വദേശി അഭിഭാഷകനായ അബ്ദുല്ല ഇസ അല്‍ അന്‍സാരിയാണ് കോടതിയില്‍ ദമ്പതികള്‍ക്കായി ഹാജരായത്.
ദമ്പതികള്‍ നിരപരാധികളാണെന്ന് കാണിച്ച് നല്‍കിയ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ ജനുവരിയിലാണ് സുപ്രീം കോടതി അപ്പീല്‍ കോടതിയ്ക്ക് നിര്‍ദേശം നല്‍കിയത്. ദമ്പതികളുടെ കുടുംബങ്ങള്‍ മുംബൈയില്‍ നല്‍കിയ കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ അന്വേഷണ വിവരങ്ങളും കേസിന്റെ രേഖകളുമെല്ലാം ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിരുന്നു.