മദ്യലഹരിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മാതൃസഹോദരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ യുവാവിനെ മാതൃസഹോദരന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കടയ്ക്കാവൂര്‍ വെള്ളിപ്പാട്ടുമൂല കൊച്ചുതെങ്ങുവിള വീട്ടില്‍ വിനോദ് (35) ആണ് മരിച്ചത്. സംഭവത്തില്‍ മാതൃസഹോദരന്‍ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. അശോകന്റെ വീടിനു സമീപം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ അമ്മാവനായ അശോകന്‍ തന്റെ അനന്തരവന്‍ വിനോദിനെ കമ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിനുശേഷം നാട്ടുകാര്‍ അശോകനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കടയ്ക്കാവൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് വിനോദിനെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടയ്ക്കാവൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മോഷണക്കേസുകളിലെ പ്രതിയാണ് അശോകന്‍.

Top