ദുബായ്: 5000 ദിര്‍ഹമിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ഏഷ്യന്‍ പ്രവാസികള്‍ കൊല്ലപ്പെട്ടു. ദുബായിലെ നായിഫ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവാസികള്‍ താമസ സ്ഥലത്തായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്നു പേര്‍ക്ക് സംഘര്‍ഷത്തില്‍ ഗുരുതരായി പരിക്കേറ്റിട്ടുണ്ട്.
5,000 ദിര്‍ഹവുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് ദുബായ് പൊലീസ് പറഞ്ഞു. ഇരു വിഭാഗമായി ചേരിതിരിഞ്ഞ് നടത്തിയ സംഘര്‍ഷം രൂക്ഷമായതോടെ കത്തിയും മരത്തിന്റെ ബാറ്റുകളും ഉപയോഗിച്ച് 13 പേര്‍ തമ്മില്‍ തല്ലുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ 3 പേര്‍ മരിക്കുകയും 3 പേര്‍ക്ക് ഗുരുതരായി പരുക്കേല്‍ക്കുകയും ചെയ്തു.
പൊലീസ് എത്തുന്നതിന് മുന്‍പേ പ്രതികള്‍ സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ടുവെങ്കിലും ഇവരെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു. തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.