ദുബായ്: ദുബായില്‍ സൈക്ലിങ് ട്രാക്കുകള്‍ തുറക്കുന്നു. മുശ്രിഫ്, മിര്‍ദിഫ്, അല്‍ ഖവാനീജ് എന്നിവിടങ്ങളിലാണ് 32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്കിള്‍ പാതകള്‍ തുറക്കുക. സൈക്കിള്‍ യാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന രണ്ടുപാലങ്ങളും പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. 6.7 കോടി ദിര്‍ഹമാണ് ഇതിന്റെ നിര്‍മ്മാണച്ചിലവ്.
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം താമസമേഖലകളില്‍ വ്യായാമത്തിനും കായികക്ഷമതയ്ക്കും വേണ്ട സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായും, ട്രാഫിക് കണക്കിലെടുത്തുമാണ് പദ്ധതിയെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ പറഞ്ഞു.