ദുബായ്: ദുബായില്‍ ഡ്രൈവിങ് പരീക്ഷകളുടെ ഫലം നിര്‍ണയിക്കുന്നതിന് സ്മാര്‍ട് സംവിധാനം എത്തുന്നു. ആധുനിക തരത്തിലുള്ള സെന്‍സറുകളും നൂതനമായ ക്യാമറകളും വഴി ഡ്രൈവിങ് ടെസ്റ്റുകളുടെ ഫലം നിര്‍ണയിക്കുന്ന സ്മാര്‍ട് ട്രെയിനിങ് ആന്‍ഡ് ടെസ്റ്റിങ് യാര്‍ഡാണ് ദുബായില്‍ ആരംഭിച്ചിരിക്കുന്നത്.
അല്‍ ഖൂസിലെ ദുബായ് ഡ്രൈവിങ് സെന്ററില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ സ്മാര്‍ട് യാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പരീക്ഷാര്‍ഥിയുടെ ഡ്രൈവിങ് രീതികളും പ്രതികരണവും കൃത്യമായി നിരീക്ഷിച്ച് ക്യാമറകള്‍ വഴി വിവരങ്ങള്‍ ഒരു സെന്‍ട്രല്‍ പ്രോസെസ്സറില്‍ എത്തിക്കുവാന്‍ ഈ സ്മാര്‍ട് യാര്‍ഡിന് നിഷ്പ്രയാസം സാധിക്കും.
ഈ പുതിയ സംവിധാനം തന്നെയാണ് പിഴവുകള്‍ കണ്ടെത്തി ഡ്രൈവറുടെ ജയവും തോല്‍വിയും നിര്‍ണയിക്കുന്നതും. ഒരു പരിശോധകന്റെ സഹായമില്ലാതെ ഡ്രൈവിങ് ടെസ്റ്റുകള്‍ പരമാവധി സുതാര്യമാക്കുന്നതിന് സ്മാര്‍ട് സംവിധാനം സഹായമാകുന്നതാണ്. പരിശീലനത്തിന്റെ കാര്യക്ഷമത കൂട്ടാനും സംവിധാനം ഫലപ്രദമാകുന്നതാണ്. കൂടുതല്‍ പേര്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് നല്‍കാനും പ്രവര്‍ത്തനെച്ചലവ് കുറയ്ക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നതും സവിശേഷതയാണ്.