ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഷെയ്ഖ് മുഹമ്മദ് എത്തി

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിമാനത്താവളത്തിലെത്തി.

വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നതില്‍ അദ്ദേഹം കോണ്‍കോഴ്‌സ് മൂന്നില്‍ എമിറേറ്റ്‌സ് എയര്‍ലൈനിന്റെ ബാഗേജ് പരിശോധനാ സൗകര്യങ്ങള്‍, ചെക്ക്ഇന്‍, പാസ്‌പോര്‍ട്ട് കൗണ്ടറുകള്‍ തുടങ്ങിയ സംവിധാനങ്ങളുടെ പ്രവര്‍ത്തനം പരിശോധിച്ചു. ഒപ്പം അത്യാധുനിക സംവിധാനങ്ങളിലൂടെ സേവനങ്ങള്‍ നല്‍കുന്ന രാജ്യാന്തര വിമാനത്താവളത്തിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഒപ്പം തന്നെ യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമമായ യാത്രാനുഭവം നല്‍കാനും അദ്ദേഹം നിര്‍ദേശം നല്‍കി.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റും എമിറേറ്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം തന്നെയുണ്ടായിരുന്നു.

Top