ദുബായ്: ദുബായില്‍ വാറ്റിന്റെ പേരിലുള്ള ചൂഷണങ്ങള്‍ തടയുവാന്‍ കര്‍ശന നിലപാട് എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചതിന് ശേഷം ഒറ്റ ദിവസത്തില്‍ ലഭിച്ച പരാതികളുടെ എണ്ണം 71. ഇത് സംബന്ധിച്ചുള്ള പരാതികള്‍ ദുബായ് സാമ്പത്തിക വികസന വിഭാഗത്തിനാണ് (ഡി.ഇ.ഡി.) ലഭിച്ചിരിക്കുന്നത്.
അന്യായമായി വില വര്‍ധിപ്പിച്ച ഒന്‍പത് വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ ഡി.ഇ.ഡി. നടപടി സ്വീകരിക്കുകയും ചെയ്തു. പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ വാറ്റ് തുക വ്യക്തമാക്കുന്ന വിശദമായ ബില്‍ പലപ്പോഴും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
ദുബായില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ സ്ഥാപനങ്ങളും വാറ്റുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും, സ്ഥാപനത്തിന്റെ വലുപ്പമോ പ്രവര്‍ത്തനരീതിയോ ഇതിനു ബാധകമല്ലെന്നും ഡി.ഇ.ഡി. ഉപഭോക്തൃ സംരക്ഷണ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അലി റാഷിദ് ലൂത്ത വ്യക്തമാക്കി.