ദുബായ്: റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വ് നല്‍കാന്‍ നിയമഭേദഗതിയുമായി ദുബായ്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് സംയുക്ത ഉടമസ്ഥാവകാശം അനുവദിച്ചാണ് പുതിയ നിയമം. ഫ്രീ സോണുകള്‍, സ്‌പെഷല്‍ ഡവലപ്‌മെന്റ് സോണുകള്‍ എന്നിവിടങ്ങളിലെയടക്കം റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് ഇതു ബാധകമാണ്. 60 ദിവസത്തിനുള്ളില്‍ നിയമം നിലവില്‍ വരും.
ഒരു കെട്ടിടത്തില്‍ പങ്കാളിത്തമുള്ള എല്ലാ ഉടമകളുടെയും അവകാശം സംരക്ഷിക്കാന്‍ നിയമം പ്രത്യേകം വ്യവസ്ഥ ചെയ്യുന്നു. സംയുക്ത ഉടമസ്ഥാവകാശമുള്ള കെട്ടിടങ്ങളും മറ്റും ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യും. റിയല്‍ എസ്റ്റേറ്റ് പദ്ധതി പൂര്‍ത്തിയാക്കി 60 ദിവസത്തിനകം ഉടമകള്‍ എല്ലാ രേഖകളും ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സമര്‍പ്പിക്കുകയും വേണം. പ്രത്യേക സാഹചര്യങ്ങളില്‍ 30 ദിവസം സാവകാശം നല്‍കും.
സംയുക്താവകാശമുള്ള കെട്ടിടങ്ങളെ മൂന്നായി തിരിക്കും. വമ്പന്‍ പദ്ധതികളാണെങ്കില്‍ മേല്‍നോട്ടവും അറ്റകുറ്റപ്പണിയുമെല്ലാം നിര്‍മാതാക്കളുടെ ഉത്തരവാദിത്വമാണ്. രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട ഹോട്ടലുകള്‍ ആണെങ്കില്‍ മേല്‍നോട്ടത്തിനും അറ്റകുറ്റപ്പണിക്കും നിര്‍മാതാക്കള്‍ ഒരു കമ്പനിയെ ചുമതലപ്പെടുത്തണം. ചെറുകിട കെട്ടിടങ്ങളാണെങ്കില്‍ നിശ്ചിത കാര്യങ്ങള്‍ ഒരു കമ്പനിയെ ഏല്‍പ്പിക്കാം.
സാമ്പത്തിക മാന്ദ്യത്തിനുശേഷം മികച്ച കമ്പനികളും നിക്ഷേപകരും ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ വിദേശ കമ്പനികള്‍ കൂടുതലായി എത്തുന്നതിനുവേണ്ടിയാണ് ഭേദഗതിയെന്നാണ് വിലയിരുത്തല്‍.