ദുബായ് അവീര്‍ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കായി ഗ്രാന്റ് ഹയാത്തില്‍ ഇഫ്താര്‍ വിരുന്ന്

ദുബായ് : ശുചീകരണ തൊഴിലാളികള്‍ക്കായി ആഡംബര ഹോട്ടലില്‍ ഒരുക്കിയ നോമ്പുതുറ ശ്രദ്ധേയമായി. ഉപഭോക്തൃ ഉല്‍പന്ന വിതരണ രംഗത്തെ ജലീല്‍ ഹോള്‍ഡിങ്‌സ് ആണ് ദുബൈ അവീര്‍ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കായി ഗ്രാന്റ് ഹയാത്തില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്.

വലിയ ഹോട്ടലുകള്‍ സന്ദര്‍ശിക്കാനും അവിടുത്തെ വിഭവങ്ങള്‍ രുചിക്കാനുമുള്ള സാധാരണ മനുഷ്യരുടെ ആഗ്രഹം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വേറിട്ട ഈ നോമ്പുതുറ. പങ്കുവെപ്പിന്റെ ആഘോഷവേളയായ റമദാനില്‍ സാധാരണ തൊഴിലാളികള്‍ക്കും പരമാവധി ആനന്ദം പ്രദാനം ചെയ്യുവാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഉദ്യമം ആസൂത്രണം ചെയ്തതെന്ന് ജലീല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.വി. കുഞ്ഞുമുഹമ്മദ് ഹാജി പറഞ്ഞു. 120 തൊഴിലാളികളെയാണ് ഇഫ്താറിന് ക്ഷണിച്ചത്. അവരെ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് പ്രത്യേക വാഹനമൊരുക്കി ഹോട്ടലിലെത്തിച്ചു.

ദുബൈ നഗരസഭ അസറ്റ് മാനേജ്‌മെന്റ് വിഭാഗം മേധാവി ഫൈസല്‍ ജുമ അല്‍ ബദൈവി, മാര്‍ക്കറ്റ് പ്ലാനിങ് സെക്ഷന്‍ മാനേജര്‍ ഫൈസല്‍ അബ്ദുല്ല, ദുബൈ ഇക്കണോമിക് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഹസ്സന്‍ അലി, ജലീല്‍ ഗ്രൂപ്പ് എം.ഡി സമീര്‍ കെ.മുഹമ്മദ്, ജലീല്‍ ഗ്രൂപ്പ് എക്‌സി. ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ കെ. മുഹമ്മദ്, കോര്‍പ്പറേറ്റ് അഡൈ്വസര്‍ പ്രേം കുമാര്‍, ജലീല്‍ കാഷ് ആന്റ് കാരി ജനറല്‍ മാനേജര്‍ അര്‍ജുന്‍ വിശ്വനാഥന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Top