ദുബായ് :ദുബായ് നഗരത്തിലെ പാര്‍ക്കിങ് മീറ്ററുകളുടെ പ്രവര്‍ത്തനരീതി മാറുന്നു. പുതിയ മെഷീനുകളില്‍ പാര്‍ക്കിങ് ഫീസ് അടച്ചാല്‍, രശീതി വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല. പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ മീറ്ററുകള്‍ നഗരത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.
നിലവില്‍ പാര്‍ക്കിങ് മീറ്ററുകള്‍ വഴി ഫീസ് അടക്കാന്‍ ആദ്യം വാഹനം പാര്‍ക്ക് ചെയ്ത് പാര്‍ക്കിങ് മെഷീന് അരികിലെത്തണം. പണമടച്ച് വീണ്ടും നിര്‍ത്തിയിട്ട വാഹനത്തിന് അടുത്തെത്തി രശീത് ഡാഷ്‌ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. എന്നാല്‍ ഈ രീതി മാറുകയാണ്.
പുതുതായി സ്ഥാപിക്കുന്ന മീറ്ററുകളുടെ സ്‌ക്രീനില്‍ ആദ്യം വാഹനത്തിന്റെ നമ്പര്‍ ടൈപ്പ് ചെയ്യണം. ദുബായ്ക്ക് പുറമെ മറ്റ് എമിറേറ്റുകളിലെയും സൗദി, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെയും പ്ലേറ്റ് നമ്പറുകള്‍ രേഖപ്പെടുത്താം. എത്ര സമയത്തേക്കാണ് പാര്‍ക്കിങ്, പണം നല്‍കുന്നത് കാര്‍ഡ് വഴിയാണോ എന്നും രേഖപ്പെടുത്തണം. ഉടന്‍ റീസിപ്റ്റ് എത്തും.
പണമടച്ചതിന് തെളിവായി രശീത് കൈയില്‍ സൂക്ഷിച്ചാല്‍ മതി. പാര്‍ക്കിങ് ഫീസ് അടച്ചതിന്റെ വിശദാംശങ്ങള്‍ ആര്‍ടിഎയുടെ സിസ്റ്റത്തില്‍ രേഖപ്പെടുത്തി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ ജാഫിലിയ മെട്രോസ്റ്റേഷന് സമീപം എമിഗ്രേഷന്‍ ഓഫിസിന്റെ പാര്‍ക്കിങിലാണ് പുതിയ മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. രശീത് പരിശോധന ഒഴിവാക്കി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സംവിധാനമുള്ള വാഹനം പാര്‍ക്കിങ് പരിശോധനക്കായി രംഗത്തിറങ്ങുതിന് മുന്നോടിയാണ് പാര്‍ക്കിങ് മീറ്ററുകള്‍ മാറുന്നത്.