ദുബായ്: ആഴമേറിയ ഹത്ത ഡാമില്‍ വീണു പോയ ഏഷ്യന്‍ പ്രവാസിയുടെ വാലറ്റും സാധനങ്ങളും മുങ്ങിയെടുത്ത് നല്‍കി ദുബായ് പൊലീസ്. ദുബായില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹത്ത ഡാമില്‍ കയാക്കിംഗിനിടെയാണ് പ്രവാസിയുടെ വാലറ്റ് വെള്ളത്തിലേക്ക് വീണുപോയത്. പണത്തിനു പുറമെ, ഐഡികാര്‍ഡ്, എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, കാറിന്റെ താക്കോല്‍ തുടങ്ങിയവയും അതിലുണ്ടായിരുന്നു.
999 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച ഉടന്‍ തന്നെ ദുബായ് പോലിസിലെ കടല്‍ രക്ഷാ വിഭാഗമെത്തി. വാലറ്റ് വീണ കൃത്യമായ സ്ഥലം കണ്ടെത്തിയ ശേഷം സേര്‍ച്ച് പ്ലാന്‍ തയ്യാറാക്കുകയും മാരിടൈം റെസ്‌ക്യൂ വിഭാഗത്തിലെ ഫ്രോഗ്മാന്‍ സംഘം അണക്കെട്ടിന്റെ അടിത്തട്ടിലേക്ക് തെരച്ചിലിനായി ഊളിയിടുകയുമായിരുന്നു.
ഇരുണ്ട കാലാവസ്ഥയില്‍ വെള്ളത്തിനടിയിലെ കാഴ്ച വളരെ കുറവായിരുന്നുവെങ്കിലും സാഹസികമായ തിരച്ചിലിനൊടുവില്‍ നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചതായി ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ അലി അബ്ദുല്ല അല്‍ നഖ്ബി പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു അറബ് വനിതാ ടൂറിസ്റ്റിന്റെ വിലപ്പെട്ട സാധനങ്ങള്‍ ഹത്ത ഡാമില്‍ നിന്ന് പോലിസ് സംഘം മുങ്ങിയെടുത്തിരുന്നു. ഡാമില്‍ ബോട്ടിംഗിനു കയാക്കിംഗിനുമായി പോകുന്നവര്‍ തങ്ങളുടെ കൈയിലുള്ള സാധനങ്ങള്‍ വെള്ളത്തില്‍ വീണുപോവാതെ ജാഗ്രതയോടെ സൂക്ഷിക്കണമെന്നും ഡയറക്ടര്‍ പറഞ്ഞു.