മദ്യപിച്ച് ബഹളമുണ്ടാക്കിയ വിദേശിയെ പുഷ്പം നല്‍കി വിട്ടയച്ച് ദുബായ് പൊലീസ്

ദുബായ് : അമിതമായി മദ്യപിച്ച് യുവതിയെ ഉപദ്രിവിക്കുകയും സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അടിക്കുകയും ചെയ്ത വിദേശിയെ പൂക്കള്‍ നല്‍കി വിട്ടയച്ച് ദുബായ് പോലീസ്. യൂറോപ്യന്‍ സഞ്ചാരിയെയാണ് ദുബായ് പൊലീസ് ശിക്ഷാനടപടികളെടുക്കാതെ പറഞ്ഞയച്ചത്.

നഗരത്തിലെ ഒരു ഹോട്ടലില്‍ വിദേശിയായ ഒരു അതിഥി ബഹളം വെക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് എത്തിയത്. അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു.

പൊലീസ് ഉദ്യോഗസ്ഥരോടും മോശമായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഒരു വിധം അയാളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. എന്നാല്‍ കുറേയധികം സമയം കഴിഞ്ഞപ്പോള്‍ അയാള്‍ ചെയ്ത പ്രവര്‍ത്തിയില്‍ ക്ഷമ ചോദിക്കുകയും ബോധമില്ലാതെ ചെയ്തതാണെന്ന കുറ്റസമ്മതം നടത്തുകയും ചെയ്തു.

സാധാരണ പൊലീസിനോടും മറ്റും മാന്യമായാണ് പെരുമാറുന്നതെന്നും അയാള്‍ വ്യക്തമാക്കി. യുവതിയോടും മാപ്പപേക്ഷിച്ചു. തുടര്‍ന്ന് എല്ലാവരുമായും സംസാരിച്ച് പൊലീസ് വിഷയം ഒത്തുതീര്‍പ്പാക്കി. ഇയാളെ പൂക്കള്‍ കൊടുത്ത് തിരിച്ച് യാത്രയാക്കിയ ചിത്രം ദുബായ് പോലീസ് പുറത്ത് വിട്ടു.

Top