ദുബായി: അപകടകരമായ രീതിയില്‍ ഫോട്ടോഷൂട്ട് നടത്തിയ റഷ്യന്‍ മോഡലിനെ ദുബായ് പൊലീസ് വിളിച്ചുവരുത്തി ശാസിച്ചതായി റിപ്പോര്‍ട്ട്.
ഇത്തരം അപകടകരമായ പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് ദുബായ് പൊലീസ് മേഡലിന് മുന്നറിയിപ്പ് നല്‍കുകയും ഇക്കാര്യം മോഡലില്‍നിന്ന് രേഖാമൂലം എഴുതിവാങ്ങുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഒരു പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിക്കി ഓഡിന്റ്‌കോവ എന്ന റഷ്യന്‍ മോഡലിന്റെ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടാണ് ലോകത്ത് വൈറലായത്.
സ്വന്തം ജീവന് അപകടമുണ്ടാക്കുന്ന രീതിയിലാണ് ഇരുപത്തിമൂന്നുകാരിയായ റഷ്യന്‍ മോഡല്‍ പെരുമാറിയതെന്ന് ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
ഇത്തരം അപകടകരമായ രീതികള്‍ പൊലീസിന് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. വേണ്ടത്ര മുന്‍കരുതലോ അധികാരികളുടെ അനുമതിയോ കൂടാതെ ഇത്തരം അപകടകരമായ പ്രവൃത്തികള്‍ ചെയ്യുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള അംബരചുംബികളിലൊന്നായ ദുബായിലെ കായന്‍ ടവറിന്റെ മുകളില്‍ ബാല്‍ക്കണിയില്‍ കയറി നിന്ന് ഒരാളുടെ കൈയില്‍ തൂങ്ങി ഇന്‍സ്റ്റാഗ്രാം ആരാധകര്‍ക്കായി ഫോട്ടോ ഷൂട്ട് നടത്തിയാണ് വിക്കി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 73 നിലകളുള്ള കെട്ടിടമാണിത്.
യാതൊരു വിധത്തിലുള്ള സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കാതെയാണ് ഇത്ര ഉയരത്തില്‍ നിന്നും വിക്കി ഫോട്ടോഷൂട്ട് നടത്തിയത്. ഈ സാഹചര്യത്തിലാണ് ദുബായ് പൊലീസിന്റെ ഇടപെടല്‍.