എമിറേറ്റില്‍ പറക്കും ടാക്സി സേവനങ്ങള്‍ ആരംഭിക്കാനായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

2026-ല്‍ എമിറേറ്റില്‍ പറക്കും ടാക്സി സേവനങ്ങള്‍ ആരംഭിക്കാനായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) പുതിയ കരാറുണ്ടാക്കി. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ.), ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഡി.സി.എ.എ.), സ്‌കൈപോര്‍ട്‌സ്, ജോബി ഏവിയേഷന്‍ എന്നിവരുമായാണ് കരാര്‍ ഒപ്പിട്ടത്.

എയര്‍ ടാക്സികള്‍ നിര്‍ത്തിയിടുന്ന വെര്‍ട്ടിപോര്‍ട്ടുകള്‍ വിമാനത്താവളത്തിന്റെ മാതൃകയിലാണ് നിര്‍മിക്കുക. ജൂണില്‍ വെര്‍ട്ടിപോര്‍ട്ടുകളുടെ നിര്‍മാണം ആരംഭിക്കാനാണ് പദ്ധതി. വെര്‍ട്ടിപോര്‍ട്ടിന്റെ പ്രധാന കേന്ദ്രം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായിരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. സമയം ലാഭിക്കുന്നതിനോടൊപ്പം കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതുള്‍പ്പടെ ഗതാഗത രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ എയര്‍ ടാക്സികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.പൈലറ്റ് ഉള്‍പ്പടെ അഞ്ചു യാത്രക്കാര്‍ക്ക് ടാക്‌സികളില്‍ സഞ്ചരിക്കാം. അടുത്ത വര്‍ഷം മുതല്‍ എമിറേറ്റില്‍ പരീക്ഷണ പറക്കല്‍ നടത്തുമെന്ന് ജോബി സി.ഇ.ഒ.യും സ്ഥാപകനുമായ ജോബെന്‍ ബെവിര്‍ട്ട് പറഞ്ഞു. 2026-ല്‍ പൊതുജനങ്ങള്‍ക്ക് യാത്രാ സേവനങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. വ്യോമഗതാഗത സേവനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പ്രമുഖ ബ്രിട്ടീഷ് സ്ഥാപനമായ സ്‌കൈപ്പോര്‍ട്ടിനാണ് വെര്‍ട്ടിപോര്‍ട്ടുകളുടെ നിര്‍മാണ ചുമതല.

ആദ്യഘട്ടത്തില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ഡൗണ്‍ ടൗണ്‍, ദുബായ് മറീന, പാം ജുമൈര എന്നീ നാലു പ്രധാന സ്ഥലങ്ങളിലാണ് എയര്‍ ടാക്സി സേവനങ്ങള്‍ ലഭ്യമാക്കുക. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന എയര്‍ ടാക്‌സികളിലൂടെ ദുബായ് വിമാനത്താവളത്തില്‍നിന്ന് പാം ജുമൈരയിലെ വെര്‍ട്ടിപോര്‍ട്ടിലേക്ക് 10 മിനിറ്റിലെത്താം. യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനായി വെര്‍ട്ടിപോര്‍ട്ടിനെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുകയും ചെയ്യും.യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ ലോക സര്‍ക്കാര്‍ ഉച്ചകോടിക്ക് മുന്നോടിയായാണ് പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചത്.

Top