യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വീണ്ടും അസുഖബാധ; രോഗം തീവ്രമല്ലെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: രണ്ടു വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അസുഖബാധ. യൂറോപ്പില്‍ നിന്നു ഫിലാഡല്‍ഫിയയില്‍ എത്തിയ രണ്ടു വിമാനങ്ങളിലായി എത്തിയ 12 യാത്രക്കാര്‍ക്കാണ് പനിക്കു സമാനമായ അസുഖ ലക്ഷണം കണ്ടെത്തിയത്.

രണ്ടു ദിവസം മുമ്പ് ദുബായില്‍ നിന്ന് യുഎസിലേക്കു പറന്ന വിമാനത്തിലെ യാത്രക്കാര്‍ക്കും അസുഖബാധ കണ്ടെത്തിയിരുന്നു. മ്യൂണിക്, പാരിസ് എന്നിവിടങ്ങളില്‍ നിന്നെത്തിയ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങളിലെ 250 യാത്രക്കാരെയും പരിശോധനയ്ക്കു വിധേയരാക്കിയതായി വിമാനത്താവള വക്താവ് ഡയേന്‍ ഗ്രീസ് അറിയിച്ചു. രോഗ പ്രതിരോധ നിയന്ത്രണ വിഭാഗത്തിനു വിവരം കൈമാറിയിട്ടുണ്ട്.

പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇരുവിമാനങ്ങളും ഫിലാഡല്‍ഫിയയിലെത്തിയത്. തൊണ്ടവേദനയും ചുമയും അനുഭവപ്പെടുന്നതായി യാത്രക്കാര്‍ അറിയിച്ചെന്നും, പരിശോധനയില്‍ ഇവര്‍ക്കു പനിയില്ലെന്നാണു കണ്ടെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. ആര്‍ക്കും സാരമായ അസുഖമുള്ളതായി സൂചനയില്ല. പകര്‍ച്ചവ്യാധിയുള്ളവരാരും വിമാനത്തിലുണ്ടായിരുന്നില്ലെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവ് ലെസ്ലി സ്‌കോട്ട് അറിയിച്ചു.

Top