ദുബായ് വേള്‍ഡ് എക്‌സ്‌പോ; സന്ദര്‍ശനത്തിന് ഉദ്യോഗസ്ഥന് യാത്രാനുമതി നിഷേധിച്ച് കേന്ദ്രം; പ്രതിഷേധിച്ച് മന്ത്രി

തിരുവനന്തപുരം: ദുബായ് വേള്‍ഡ് എക്‌സ്‌പോയുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ക്കു വേണ്ടി യു എ ഇ സന്ദര്‍ശിക്കുന്നതിനുള്ള വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ ഇളങ്കോവന്റെയും ഡയറക്ടര്‍ എസ് ഹരികിഷോറിന്റെയും അപേക്ഷകള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിരസിച്ചു.

എക്‌സ്‌പോയില്‍ കേരള പവലിയന്‍ സജ്ജമാക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നാളെ (നവംബര്‍ 10) മുതല്‍ വെള്ളിയാഴ്ച (നവംബര്‍ 12) വരെ യു എ ഇ സന്ദര്‍ശിക്കുന്നതിനുള്ള അനുമതിയാണ് കേന്ദത്തിനോട് തേടിയത്. എന്നാല്‍ വ്യക്തമായ കാരണം പറയാതെ കേന്ദ്രം യാത്രാനുമതി നിഷേധിക്കുകയായിരുന്നു. യു എ ഇ സന്ദര്‍ശനത്തിനുള്ള അനുമതി നിഷേധിച്ച കേന്ദ്രത്തിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

കേരളം ആവശ്യപ്പെട്ട ദിവസങ്ങളില്‍ സന്ദര്‍ശനാനുമതി നല്‍കുന്നില്ലെന്നും ആവശ്യമെങ്കില്‍ ഡിസംബര്‍ ആദ്യ വാരം സന്ദര്‍ശിക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 24 മുതല്‍ ജനുവരി 6 വരെയാണ് ദുബായ് വേള്‍ഡ് എക്‌സ്‌പോയില്‍ കേരള പവലിയന്‍ ഒരുക്കുന്നത്. ഒക്ടോബറില്‍ ആരംഭിച്ച എക്‌സ്‌പോ അടുത്ത വര്‍ഷം മാര്‍ച്ച് 31ന് അവസാനിക്കും.

Top