തൃപ്പൂണിത്തുറയില്‍ താറാവുകൾ ചത്ത നിലയിൽ, തെരുവ് നായ്ക്കൾ കൊന്നതെന്ന് സംശയം

എറണാകുളം: തൃപ്പൂണിത്തുറയിൽ കൂട്ടത്തോടെ താറാവുകളെ ചത്ത നിലയിൽ കണ്ടെത്തി. 160 താറാവുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. സ്വകാര്യവ്യക്തി വളർത്തിയിരുന്ന താറാവുകളാണ് ചത്തത്. തെരുവ് നായ്ക്കൾ കടിച്ചുകൊന്നതെന്നാണ് നാട്ടുകാരുടെ സംശയം. തൃപ്പുണിത്തുറ തെക്കുംഭാഗം കളരിക്കതറയിൽ വിശ്വംഭരൻ വളർത്തിയിരുന്ന താറാവുകളെയാണ് ചത്തനിലയിൽ കണ്ട്. വീടിനടുത്ത് പ്രത്യേക ഷെഡുണ്ടാക്കിയാണ് വളർത്തിയിരുന്നത്. 320 താറാവുകളാണ് ഇവിടെ ഉണ്ടായിരുന്നത്.

തെരുവ് നായ്ക്കൾ അകത്തുകയറി താറുവകളെ കടിച്ചുകൊന്നെന്നാണ് കരുതുന്നത്. മുട്ട വിൽപ്പനയ്ക്കായിട്ടാണ് വിശ്വംഭരൻ താറാവുകളെ വളർത്തിയിരുന്നത്. കഴിഞ്ഞ വർഷം തൃപ്പൂണിത്തുറ നഗരസഭയിലെ മികച്ച കർഷകനുളള പുരസ്കാരവും വിശ്വംഭരനായിരുന്നു. നിത്യവരുമാനത്തിനുളള വഴി എന്ന നിലയിലാണ് ആലപ്പുഴയിൽ നിന്ന് താറാവുകളെ വാങ്ങി വളർത്തിയത്. ഇതിന്‍റെ പണം പോലും ഇതുവരെ കൊടുത്തുതീർത്തിട്ടില്ല. ഇതിനിടയിലാണ് ഈ സംഭവം.

Top