പത്മാവതി പ്രക്ഷോഭങ്ങൾക്ക് കാരണം ജനങ്ങളുടെ അതിവൈകാരികത : കമല്‍ഹാസന്‍

ഡല്‍ഹി: സഞ്ജയ് ലീല ബന്‍സാരിയുടെ പത്മാവതിയ്‌ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് കാരണം ജനങ്ങളുടെ അതിവൈകാരികതയാണെന്ന് കമല്‍ഹാസന്‍.

ചരിത്ര സിനിമകള്‍ കാണുന്നതിന് മുമ്പ് ഇത്തരത്തില്‍ അതിനെ എതിര്‍ക്കുന്നതും, നിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നതും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ തന്റെ ‘വിശ്വരൂപം’ സിനിമയ്ക്കും ഈ ഗതി വന്നിരുന്നുവെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

ഡല്‍ഹിയില്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

‘പത്മാവതി സിനിമ താന്‍ ഇതുവരെ കണ്ടിട്ടില്ല, വിശ്വരൂപം നിരോധിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ അവരും ആ സിനിമ കണ്ടിരുന്നില്ല. അത് പുറത്ത് വന്നതിനു ശേഷം, അതില്‍ എന്തെങ്കിലും ഉള്ളതായി ആരോപിച്ചാല്‍ മനസ്സിലാക്കാമായിരുന്നു. നമ്മള്‍ പലതിനോടും അതിവൈകാരികമായി പെരുമാറുന്നു എന്നാണ് തോന്നുന്നത്. ഒരു സിനിമാക്കാരനായല്ല താനിത് പറയുന്നത് ഒരു ഇന്ത്യാക്കാരനായാണ്’ കമല്‍ഹാസന്‍ പറഞ്ഞു.

എല്ലാക്കാര്യങ്ങളിലും ഇന്ത്യന്‍ സമൂഹം സംശയാലുക്കളും കുറ്റം കണ്ടുപിടിക്കുന്നവരുമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഹേ റാമിന് സംഭവിച്ചത് എന്താണ്, പോസ്റ്റര്‍ കണ്ട ഒരു കോണ്‍ഗ്രസ്സ് നേതാവിന് അതിലെന്തോ പിശകുണ്ടെന്ന് തോന്നി. താന്‍ ഉണ്ടാക്കിയതെന്താണെന്ന് അവര്‍ക്കറിയില്ല. എന്നിട്ടുമവര്‍ അത് നിരോധിക്കണമെന്ന് പറഞ്ഞു. സിനിമ കാണുക പോലും ചെയ്യാതെയാണ് അവരതിനെ വിലയിരുത്തുന്നത്, കമല്‍ഹാസന്‍ വ്യക്തമാക്കി.

Top