എനിക്ക് നിങ്ങളെയാരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ലെന്ന് ദുല്‍ഖര്‍

Dulquer

പ്രളയത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍ നാട്ടിലുണ്ടാകാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നു പറഞ്ഞതിന് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടിവന്ന അധിക്ഷേപത്തിന് മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍. തനിക്കാരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും, ശാരീരികമായി അവിടെ ഇല്ല എന്നതിന്റെ അര്‍ത്ഥം താന്‍ കേരളത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നല്ലെന്നും ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാവിലെയായിരുന്നു എന്തു സഹായം ആവശ്യമുണ്ടെങ്കിലും തന്നെ അറിയിക്കണമെന്നും കഴിയുന്നതു ചെയ്യുമെന്നും ഈ അവസരത്തില്‍ നാട്ടില്‍ ഉണ്ടാകാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും പറഞ്ഞ് ദുല്‍ഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. എന്നാല്‍ ഇതിന് പലരും ദുല്‍ഖറിനെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കമന്റുകള്‍ ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് മറുപടിയുമായി ദുല്‍ഖര്‍ രംഗത്തെത്തിയത്.

‘നാട്ടില്‍ ഇല്ല എന്നതുകൊണ്ട് ഞാന്‍ ഒരു സഹായവും ചെയ്യുന്നില്ലെന്നു കരുതുന്നവരോട്, എനിക്ക് നിങ്ങളെയാരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ല. എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ടു വന്ന് പ്രവര്‍ത്തിക്കുന്ന ഈയൊരു സമയത്തെങ്കിലും നിങ്ങളുടെ വെറുപ്പും നെഗറ്റിവിറ്റിയും മുന്‍വിധികളും മാറ്റിവയ്ക്കണം. ഇത്തരം കമന്റുകളിടുന്ന പലരെയും ദുരിതാശ്വാസ ക്യാമ്പുകളുടെ പരിസരത്തു പോലും കാണാനില്ല. അതുകൊണ്ട്, മറ്റുള്ളവരെ ആക്രമിക്കുക വഴി ഒരിക്കലും നിങ്ങള്‍ക്ക് അവരെക്കാള്‍ മികച്ചതാവാന്‍ കഴിയും എന്ന് കരുതരുത്,’ എന്ന് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Top