മലയാള സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിട്ട് നാല് വര്‍ഷം തികഞ്ഞു. 2012 ഫെബ്രുവരി 3നാണ് ദുല്‍ഖറിന്റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോ റിലീസ് ചെയ്തത്. ഈ നാല് വര്‍ഷങ്ങള്‍ കൊണ്ട് മലയാള സിനിമയിലും മലയാളികളുടെ മനസിലും തന്റേതായ ഒരു ഇടം നേടാന്‍ ദുല്‍ഖറിന് കഴിഞ്ഞു.
തന്നെ ഈ നിലയിലെത്തിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്താന്‍ ദുല്‍ഖര്‍ മറന്നില്ല.”രസകരവും അദ്ഭുതകരവുമായ നാലു വര്‍ഷമാണ് പിന്നിട്ടത്. മലയാള സിനിമ എനിക്ക് വാരിക്കോരി സ് നേഹം തന്നു.അതിനെക്കാളുപരി എന്റെ പ്രേക്ഷകരും.
നിങ്ങളാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. സെക്കന്‍ഡ് ഷോ മുതല്‍ ചാര്‍ളി വരെ എന്തൊരു യാത്രയായിരുന്നു.എല്ലാവര്‍ക്കും എന്റെ ഒരായിരം നന്ദി” ഫേസ് ബുക്ക് പോസ്റ്റില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
സാധാരണ താരപുത്രന്‍മാര്‍ക്ക് ലഭിക്കുന്ന ഒരു തുടക്കമായിരുന്നില്ല ദുല്‍ഖറിന്റേത്. ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ ഒരു പുതുമുഖ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്റേതായിരുന്നു.
എന്നാല്‍ ചിത്രവും ദുല്‍ഖര്‍ എന്ന പുതുമുഖ നായകനും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ദുല്‍ഖറിന്. ഉസ്താദ് ഹോട്ടല്‍, എ.ബി.സി.ഡി, ബാംഗ്ലൂര്‍ ഡേയ്‌സ് , വിക്രമാദിത്യന്‍ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റുകള്‍. വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ദുല്‍ഖറിലെ നടനെ വെല്ലുവിളിച്ച കഥാപാത്രമായിരുന്നു ഞാന്‍ എന്ന ചിത്രത്തിലെ കെ.ടി.എന്‍. കോട്ടൂര്‍.