ന്യൂറോ എന്‍ട്രോക്രൈന്‍ എന്ന അപൂര്‍വ്വ രോഗത്തിനുള്ള ചികിത്സയില്‍ ലണ്ടനില്‍ കഴിയുകയാണ് നടന്‍ ഇര്‍ഫാന്‍ ഖാന്‍. താരം തന്നെയാണ് തനിക്ക് ക്യാന്‍സറാണെന്ന് വിവരം വെളിപ്പെടുത്തിയതും. കഴിഞ്ഞ ദിവസം ഇര്‍ഫാന്‍ ഖാന്‍ തന്റെ പുതിയ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ട്വിറ്ററിലെ ഡിസ്‌പ്ലേ പിക്ചര്‍ മാറ്റിയാണ് ഇര്‍ഫാന്‍ തന്റെ പുഞ്ചിരിക്കുന്ന മുഖവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇര്‍ഫാന്‍ അവസാനമായി അഭിനയിച്ച ബോളിവുഡ് ചിത്രമാണ് കര്‍വാന്‍. ദുല്‍ഖര്‍ സല്‍മാനും മിഥില പാല്‍ക്കറുമാണ് മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. എന്നാല്‍ ഈ വേളയില്‍ ഇര്‍ഫാനില്ലാതെ സിനിമയെ പ്രൊമോട്ട് ചെയ്യുമ്പോള്‍ സങ്കടമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ദുല്‍ഖര്‍ മനസ്സു തുറന്നത്.
‘ കഴിഞ്ഞ സെപ്റ്റംബറോടു കൂടിയാണ് ഞങ്ങള്‍ സിനിമ പൂര്‍ത്തിയാക്കിയത്. ഇര്‍ഫാന്‍ തന്റെ രോഗ വാര്‍ത്ത പുറത്തുവിട്ടത് മാര്‍ച്ചിലോ ഏപ്രിലോ ആണ്. ഉടന്‍ തന്നെ ഞങ്ങള്‍ അദ്ദേഹത്തെ കണ്ടിരുന്നു. എന്നാല്‍ അദ്ദേഹം വളരെയധികം പോസിറ്റീവാണ്. എപ്പോഴും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന വ്യക്തി. അദ്ദേഹമില്ലാത്ത ഈ സിനിമാ പ്രൊമേഷന്‍ വളരെ വേദനാജനകമാണ്’ ദുല്‍ഖര്‍ പറഞ്ഞു.
‘അദ്ദേഹവുമായി വര്‍ക്ക് ചെയ്യുന്നത് വളരെയധികം രസകരമായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. ഈ സിനിമയ്ക്കു വേണ്ടി തയ്യാറെടുത്തപ്പോള്‍ താന്‍ എന്താണോ പ്രതീക്ഷിച്ചത് അത് തനിക്ക് അദ്ദേഹത്തില്‍ നിന്ന് ലഭിച്ചു. നമ്മുടെ ചിന്തകളില്‍ നിന്നും അത്രയധികം വ്യത്യസ്തനായ ഒരു മനുഷ്യനാണ് അദ്ദേഹം. ഒരു കഥാപാത്രത്തെ വികസിപ്പിക്കാനുള്ള ഒരുപാട് ആശയങ്ങള്‍ അദ്ദേഹത്തിനറിയാം. ഷൗക്കത്ത് എന്ന കഥാപാത്രത്തെ അദ്ദേഹം തന്നെ രൂപവത്ക്കരിച്ചതാണ്’ ദുല്‍ഖര്‍ വ്യക്തമാക്കി.