മനഃപൂര്‍വ്വം സംഭവിച്ചതല്ല, പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: യുവതിയോട് മാപ്പ് പറഞ്ഞ് ദുല്‍ഖര്‍

വര്‍ഷം തിയേറ്ററുകളില്‍ എത്തി പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു അനൂപ് സത്യന്‍ സംവിധാനം ചെയ്ത’വരനെ ആവശ്യമുണ്ട്’. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകനായ അനൂപിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നുഈ ചിത്രം.

വെഫെയര്‍ ഫിലിമിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവും.
എന്നാല്‍ ഇപ്പോഴിതാ സിനിമ ഓണ്‍ലൈനിലെത്തിയതിന് പിന്നാലെ സിനിമക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. തന്റെ അനുവാദമില്ലാതെ തന്റെ ചിത്രങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ട്വീറ്റ്.

തുടര്‍ന്ന് മനപൂര്‍വ്വം സംഭവിച്ചതല്ലെന്ന ക്ഷമാപണവുമായി ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി. സിനിമയിലെ ഒരു സീനില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം തന്റേതാണെന്നും ഒരു പൊതുവേദിയില്‍ ഉണ്ടാകാവുന്ന ബോഡി ഷേമിംഗില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചിത്രം സിനിമയില്‍ ഉപയോഗിച്ചതെന്നും യുവതി പറയുന്നു.

‘എന്നെ സിനിമയില്‍ കാണിച്ചതിന് നന്ദി. പക്ഷേ പൊതുവേദിയില്‍ നിന്നും ഉണ്ടാകാനിടയുള്ള ബോഡി ഷേമിങില്‍ നിന്നും എന്നെ ഒഴിവാക്കി തരണം. സിനിമയിലെ ഈ രംഗത്തില്‍ ഉപയോഗിച്ചിരിക്കുന്ന എന്റെ ചിത്രങ്ങള്‍ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- യുവതി പറയുന്നു. സിനിമയിലെ രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു യുവതിയുടെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതോടെ തെറ്റ് പറ്റിയതിന് മാപ്പ് പറഞ്ഞ് ദുല്‍ഖറും രംഗത്തെത്തി.

തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നു. ഈ ചിത്രം എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്ന കാര്യം അതുമായി ബന്ധപ്പെട്ട വകുപ്പുകളോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയാരു പ്രശ്‌നമുണ്ടായതില്‍ എന്റെ പേരിലും സിനിമയുടെ നിര്‍മാണ കമ്പനിയായ ഡിക്യൂസ് വെഫെയര്‍ ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുന്നു. അത് മനഃപൂര്‍വ്വം സംഭവിച്ചതല്ല’ – ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു.

Top