സത്യന് അന്തിക്കാട് ചിത്രത്തില്‍ ആദ്യമായി അഭിനയിക്കുന്നതിന്റെ ആഹ്ലാദം പങ്കുവച്ച് ദുല്‍ഖര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഒരു അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുക തന്റെ ഏറെക്കാലത്തെ സ്വപ്നമാണെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും ദുല്‍ഖര്‍ കുറിച്ചിരുന്നു.
തൃശൂരില്‍ ചിത്രീകരണം തുടങ്ങിയ സിനിമയില്‍ മുകേഷ് അവതരിപ്പിക്കുന്ന വിന്‍സന്റിന്റെ മകനാണ് ദുല്‍ഖര്‍ കഥാപാത്രം. ബിസിനസുകാരനായ വിന്‍സന്റിന്റെ നാല് മക്കളില്‍ ഒരാള്‍. ജോമോന് എന്നാണ് പേര്.
ദുല്‍ഖറിന്റെ സഹോദരങ്ങളായി മുത്തുമണിയും വിനു മോഹനും അഭിനയിക്കുന്നു. ‘കാതറിന്’ എന്നാണ് ദുല്‍ഖറിന്റെ നായികയായെത്തുന്ന അനുപമ പരമേശ്വരന് കഥാപാത്രത്തിന്റെ പേര്. മറ്റൊരു നായിക കൂടിയുണ്ട് ചിത്രത്തില്‍ ദുല്‍ഖറിന്. ഇതിനായുള്ള താരനിര്‍ണയം ഇനിയും പൂര്‍ത്തിയായിട്ടില്ല.
നടന് വിനായകന് പാട്ടെഴുതുന്നു എന്നതാണ് ഗാനവിഭാഗത്തിലെ പ്രത്യേകത. രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലെ ‘പുഴുപുലികള്‍’ എന്ന ഗാനം വിനായകനായിരുന്നു ആലപിച്ചത്. ഏറെ ശ്രദ്ധ നേടിയിരുന്നു ഇത്. മറ്റ് രണ്ട് ഗാനങ്ങള്‍ റഫീഖ് അഹമ്മദാണ് രചിച്ചിരിക്കുന്നത്. വിദ്യാസാഗറാണ് സംഗീതം.
‘ഒരു ഇന്ത്യന്‍ പ്രണയകഥ’യ്ക്ക് ശേഷം ഡോ: ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എസ്.കുമാറാണ് ഛായാഗ്രഹണം. ഫുള്മൂണിന്റെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് നിര്‍മ്മാണം. ക്രിസ്മസിന് ചിത്രം തീയേറ്ററിലെത്തും.