മുംബൈ: ഇന്ത്യയില്‍ കായിക താരങ്ങളുടെ ജീവിതകഥ സിനിമയാകുന്നത് അത്ര പുതുമയൊന്നുമല്ല. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, മഹേന്ദ്രസിങ് ധോണി, ബോക്‌സിങ് താരം മേരി കോം, ഓട്ടക്കാരന്‍ മില്‍ഖ സിങ് തുടങ്ങിയവരുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമകള്‍ പുറത്തിറിയിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ജീവിതം സിനിമയായാല്‍ റെയ്‌നയുടെ വേഷം ആരു ചെയ്യും എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസം ട്വിറ്ററില്‍ സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയിലാണ് റെയ്‌നയുടെ ജീവിതം സിനിമയാക്കിയാല്‍ സ്വന്തം വേഷം ചെയ്യാന്‍ ആരെ നിര്‍ദ്ദേശിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയത്.
രണ്ടു താരങ്ങളുടെ പേരാണ് റെയ്‌ന നിര്‍ദ്ദേശിച്ചത്. അതിലൊന്ന് മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍, മറ്റൊന്ന് ഹിന്ദി നടന്‍ ഷാഹിദ് കപൂറും. ‘എനിക്കു തോന്നുന്നത് ദുല്‍ഖര്‍ സല്‍മാനോ ഷാഹിദ് കപൂറോ ആകും ഉചിതമെന്നാണ് റെയ്‌ന പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് സുരേഷ് റെയ്‌നയുമായി ചെന്നൈയില്‍വച്ച് കണ്ടുമുട്ടിയ സംഭവം വിവരിച്ച് ദുല്‍ഖര്‍ അദ്ദേഹവുമൊത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. തമിഴ് നടന്‍ വിക്രം പ്രഭുവും ഉള്‍പ്പെടുന്നതായിരുന്നു ചിത്രം. സുരേഷ് റെയ്‌നയെ പരിചയപ്പെടാനായതില്‍ സന്തോഷം അറിയിച്ച ദുല്‍ഖര്‍, താനൊരു ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകനാണെന്നും വെളിപ്പെടുത്തിയിരുന്നു.
നേരത്തെ, ‘ദ സോയ ഫാക്ടര്‍’ എന്ന ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ നിഖില്‍ ഖോഡയുടെ വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അനൂജ ചൗഹാന്റെ ജനപ്രിയ നോവലായ ദ് സോയ ഫാക്ടറില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. സോനം കപൂറായിരുന്നു നായിക. അനൂജ ചൗഹാനും പ്രധുമന്‍ സിങ്ങും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം അഭിഷേക് ശര്‍മയാണ് സംവിധാനം ചെയ്തത്.