അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കേറിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ പുതിയ മലയാള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സോളോ ആയിരുന്നു ദുല്‍ഖര്‍ മലയാളത്തില്‍ അഭിനയിച്ച അവസാന സിനിമ. തമിഴിലും തെലുങ്കിലുമാണ് സോളോയ്ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിച്ചത്. ദുല്‍ഖര്‍ ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രം മഹാനടിക്ക് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്.
അന്യഭാഷാ ചിത്രങ്ങളിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ കൂടുതലായും അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമിഴില്‍ രണ്ട് ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊളളയടിത്താല്‍, ആര്‍ എ കാര്‍ത്തിക്ക് സംവിധാനം ചെയ്യുന്ന വാന്‍ തുടങ്ങിയവയാണ് ഈ ചിത്രങ്ങള്‍. പ്രണയത്തിനു പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രമായിരിക്കും കണ്ണും കണ്ണും കൊളളയടിത്താല്‍ എന്നാണ് അറിയുന്നത്. റിതു വര്‍മ്മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്
അന്‍വര്‍ റഷീദിന്റെ അസോസിയേറ്റ് സലാം ബുക്കാരിയുടെ പുതിയ ചിത്രത്തിലാണ് ദുല്‍ഖര്‍ അടുത്തതായി അഭിനയിക്കുകയെന്നാണ് അറിയുന്നത്. ആട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്.
സലാം ബുക്കാരി ചിത്രത്തില്‍ കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. ചിത്രത്തില്‍ കോളേജ് പ്രൊഫസറായിട്ടായിരിക്കും ദുല്‍ഖര്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് അറിയുന്നത്.