ദുല്‍ഖര്‍ നായകനായി വിവിധ ഭാഷകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘സീതാ രാമം. ഹനു രാഘവപുടിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മൃണാൾ താക്കൂറും രശ്‌മികയുമാണ് ചിത്രത്തിലെ നായികമാർ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍.
തെലുങ്ക് പ്രേക്ഷകരോട് എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തെലുങ്കില്‍ ആദ്യമായി ഡബ്ബ് ചെയ്‍ത എന്റെ ചിത്രം ‘ഒകെ ബംഗരം’ ആയിരുന്നു. എന്റെ ആദ്യത്തെ സിനിമയില്‍ തന്നെ വളരെയധികം സ്‍നേഹം ലഭിക്കുന്നതിന് കാരണമായ മണി സാറിന് നന്ദി. തുടര്‍ന്ന് നാഗിയും വൈജയന്തിയും ‘മഹാനടി’യില്‍ അഭിനയിക്കുന്നതിന് എനിക്ക് അവസരം നല്‍കി. ഞാൻ പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നു ചിത്രത്തിലെ കഥാപാത്രത്തിന് എനിക്ക് ലഭിച്ച സ്‍നേഹവും ആദരവും. ‘കുറുപ്പ്’ ഡബ്ബ് ചെയ്‍തപ്പോഴും നിങ്ങള്‍ നല്‍കിയ സ്‍നേഹം ഒരിക്കലും മറക്കാനാവുന്നതല്ല.
‘സീതാ രാമ’ത്തിനായി സ്വപ്‍നയും ഹനുവും എന്നെ സമീപിച്ചപ്പോള്‍ എനിക്ക് അറിയാമായിരുന്നു ഞാൻ സുരക്ഷിതമായ കൈകളിലാണ് എന്ന്. നല്ല ഒരു സിനിമ ഞങ്ങള്‍ക്ക് ചെയ്യാനാകും എന്ന് അറിയാമായിരുന്നു. ഒരുപാട് കലാകാരൻമാരുടെയും പ്രതിഭകളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കൂട്ടായ പ്രയ്നത്താലാണ് ഇത് മനോഹരമായത്. ചിത്രത്തിന്റെ റിലീസ് ദിവസം ഞാന്‍ കരഞ്ഞുപോയി. ഹനുവിനോടും, മൃണാളിനോടും രശ്‍മികയോടും സുമന്തിനോടും, വിശാലിനോടും പി എസ് വിനോദിനോടും എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‍നേഹം വാക്കുകളാല്‍ വിശദീകരിക്കാനാകാത്തതാണ്. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞാണ് ദുല്‍ഖര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.