ക്രിസ്മസിന് ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടാനൊരുങ്ങി ‘ഡങ്കി’യും ‘സലാറും’

ക്രിസ്മസിന് തീയേറ്ററുകളില്‍ ഏറ്റുമുട്ടാനൊരുങ്ങി ഷാരൂഖ് ഖാന്‍ ചിത്രം ‘ഡങ്കി’യും പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ‘സലാറും’. നേരത്തെ സെപ്തംബര്‍ 28ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചിരുന്നു. പുതിയ തീയതി അറിയിച്ചിട്ടുമില്ല. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരു ചിത്രങ്ങളും ഡിസംബര്‍ 22ന് തീയേറ്ററുകളില്‍ എത്തും.എന്നാല്‍ ചിത്രം ഡിസംബര്‍ 22 ന് എത്തുമെന്ന് രാജ്യമൊട്ടാകെയുള്ള തിയറ്റര്‍ ഉടമകള്‍ക്ക് സലാര്‍ നിര്‍മ്മാതാക്കളായ ഹൊംബാളെയില്‍ നിന്ന് ഇന്നലെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഡങ്കി ക്രിസ്മസിന് റിലീസ് ചെയ്യുമെന്ന് ഷാരൂഖ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

റിലീസ് വൈകുന്നത് സംബന്ധിച്ച് നിരവധി പ്രതികരണങ്ങളാണ് പ്രചരിക്കുന്നത്, ഈ വര്‍ഷം ചിത്രം റിലീസ് ചെയ്‌തേക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ വരെ പ്രചരിച്ചിരുന്നു. വിഎഫ്എക്സ് വര്‍ക്കുകള്‍ കാരണമാണ് സെപ്റ്റംബറില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സലാര്‍. പ്രശാന്ത് നീല്‍ പ്രഭാസുമായി ഒന്നിക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് റിലീസിനൊരുങ്ങുന്നത്. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യഭാഗം, ‘സലാര്‍ പാര്‍ട്ട് വണ്‍; സീസ് ഫയര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top