തിരുവനന്തപുരം : എ ടി ജയിംസ് ഐഎഎസിനെതിരെ സിബിഐ അന്വേഷണത്തിന് സാധ്യത. ഈയിടെ സപ്ലൈകോയില്‍ ഇ-ടെന്‍ഡര്‍ അട്ടിമറിച്ച് കരാറുകാരില്‍ നിന്ന് ക്വട്ടേഷന്‍ വഴി ചട്ടവിരുദ്ധമായി മുളകും ഇറക്കുമതി തുവരപ്പരിപ്പും വാങ്ങിയത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. അന്യസംസ്ഥാന ലോബികളില്‍ നിന്നടക്കം ‘വന്‍ഇടപാട്’ നടത്തിയാണ് വഴിവിട്ട നടപടി ജയിംസ് സ്വീകരിച്ചതെന്നാണ് ആരോപണം.
സംസ്ഥാനത്തിന് പുറത്തു നിന്നടക്കം നടന്ന ഇടപാടായതിനാല്‍ ആക്ഷേപങ്ങള്‍ സിബിഐ അന്വേഷണത്തിന് വിടണമെന്ന് ഒരു വിഭാഗം ജീവനക്കാര്‍ക്കിടയിലും അഭിപ്രായമുണ്ട്. ഇത് സംബന്ധമായ പരാതി അടുത്ത ദിവസം തന്നെ രേഖാമൂലം നല്‍കുമെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ നിലപാടെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും.
അഴിമതി സംബന്ധമായ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ കോഴിക്കോട് റീജനല്‍ മാനേജരെ സസ്‌പെന്‍ഡ് ചെയ്യുകയും രണ്ടു താല്‍ക്കാലിക അസിസ്റ്റന്റ് ക്വാളിറ്റി മാനേജര്‍മാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു
ഇതിനുശേഷമാണ് ഇ-ടെന്‍ഡര്‍ അട്ടിമറി വിവാദത്തില്‍ കഴിഞ്ഞദിവസം സപ്ലൈകോ എം.ഡി എ.ടി ജയിംസിനെ തല്‍സ്ഥാനത്തുനിന്നും മാറ്റിയത്.
പര്‍ച്ചേസ് മാനേജര്‍, ക്വാളിറ്റി മാനേജര്‍ എന്നിവരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കി ഹെഡ് ഓഫീസ് മാനേജ്‌മെന്റ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുമെന്ന് വകുപ്പ്മന്ത്രി അനൂപ് ജേക്കബ് പ്രഖ്യാപിച്ചിരുന്നെങ്കിലും ജയിംസ് ഈ നിര്‍ദ്ദേശം തള്ളി പര്‍ച്ചേസ് മാനേജരായിരുന്ന ആളെ ഈ കമ്മിറ്റിയുടെ ജനറല്‍ മാനേജരാക്കുകയാണ് ചെയ്തത്. അഴിമതിക്ക് കളമൊരുക്കുന്നതിന് വേണ്ടിയായിരുന്നുവത്രെ ഈ നടപടി.
ക്രമക്കേടുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് എം.ഡി പത്രക്കുറിപ്പും ഇറക്കിയിരുന്നു. ഇപ്പോള്‍ ഗ്രാമവികസന കമ്മീഷണറായിട്ടാണ് ജയിംസിനെ സര്‍ക്കാര്‍ മാറ്റി നിയമിച്ചിരിക്കുന്നത്.
സിബിഐ അന്വേഷണം തുടങ്ങിയാല്‍ ഈ സ്ഥാനത്ത് തുടരുന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടാകും.