ഈ ലോകം എല്ലാം തികഞ്ഞവർക്ക് മാത്രം ഉള്ളതല്ല. മറിച്ചു കുറവുകളും ന്യൂനതകളും അപാകതകളും ഒക്കെ ഉള്ളവർക്കും സ്വന്തമാണ്. എല്ലാം ദൈവത്തിന്റെ സൃഷ്ടികൾ ആണല്ലോ. ഇന്ത്യ ഒന്നാകെ ഈ വാരം ദുർഗ പൂജ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. വെസ്റ്റ് ബംഗാൾ സ്വദേശികളെ സംബന്ധിച്ച് ജാതി മത ഭേദമന്യേ ഉള്ള ഒരു ആഘോഷമാണ് ഇത്.
ഈ അവസരത്തിൽ ഏറെ വ്യത്യസ്തമായ ദുർഗ ദേവിയുടെ ഒരു ശിൽപം നിർമ്മിച്ചിരിക്കുന്ന ഇവർ. അകക്കണ്ണ് മാത്രമുള്ള, നാം കാഴ്ച ഇല്ലാത്തവർ എന്ന് വിശേഷിപ്പിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് വേണ്ടിയാണ് ഇവർ ഈ ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. അവർക്ക് നിറങ്ങളും വർണങ്ങളും ഒന്നും കാണാൻ സാധിക്കില്ലല്ലോ. അതുകൊണ്ടു തന്നെ ചില കലാകാരൻമാർ ആണികൾ ഉപയോഗിച്ച് ആണ് ശിൽപ്പം നിർമ്മിച്ചിരിക്കുന്നത് . വലിയ തടി കഷ്ണങ്ങളിൽ 12000 ആണികൾ തറച്ചുള്ള ഒരു ദുർഗ്ഗയുടെ രൂപമാണ് നിർമ്മിച്ചത് .
സമാജ് സെബി സംഘ എന്ന കൊൽക്കത്തയിലെ ഒരു സന്നദ്ധ സംഘടനയാണ് ഇത്തരത്തിൽ ഒരു ആശയവുമായി മുന്നോട്ട് വന്നത്. കാഴ്ചാ വൈകല്യം ഉള്ളവർക്കായി ഒരു പൂജയും ഉണ്ട്. 12000 ആണികൾ കൊണ്ട് നിർമ്മിച്ച ദുർഗാ ദേവിയുടെ ഈ രൂപം കാഴ്ച ഇല്ലാത്തവർക്ക് സ്പർശിച്ചു അനുഭവിക്കാം. ഒരു അന്ധ വിദ്യാലയത്തിൽ സന്ദർശനത്തിന് പോയ സംഘടനയുടെ ചില കലാകാരന്മാരാണ് ഇത്തരത്തിൽ ഒരു ആശയവുമായി മുന്നോട്ട് വന്നത്.
അവരുടെ ജീവിതത്തിലും സന്തോഷവും പ്രതീക്ഷകളും ഒക്കെ വിരിയിക്കാൻ ഈ ദേവിക്ക് കഴിയുമെന്ന വിശ്വാസമാണ് ഇവരെ ഇത്തരം ഒരു ആശയത്തിലേക്ക് എത്തിച്ചത്. ഈ പരിപാടി കാഴ്ചാ വൈകല്യം ഉള്ളവർക്ക് വേണ്ടി മാത്രം ഉള്ളതാണെന്ന് കരുതരുത്. ഈ മേളയ്ക്ക് വെളിയിൽ ഒരു കൂട്ടം ആളുകൾ ഉണ്ട്. അവിടെ കാഴ്ച ഉള്ളവർക്കായി ഒരു ഉൾകാഴ്ചയും അവർ സമ്മാനിക്കും. കാഴ്ച ഉള്ളവവർ അവരുടെ മരണ ശേഷം, കണ്ണുകൾ ദാനം ചെയ്യാൻ ഒരുക്കമാണെങ്കിൽ അതിനുള്ള രജിസ്ട്രേഷനും മറ്റും ഇവർ സഹായിക്കും. കണ്ണുണ്ടായാൽ പോരാ ഇതൊക്കെ കാണുമ്പോൾ ഉൾക്കണ്ണു തുറക്കണം. ഇരുട്ട് മറഞ്ഞവരുടെ ജീവിതത്തിൽ വെളിച്ചതിന്റെ നാമ്പുകൾ വിരിയിക്കാം.