കേരളത്തെ ഭ്രാന്താലയമാക്കാൻ നീക്കം, രണ്ട് ഭീകരതയും നാടിന് ആപത്ത്

സാക്ഷരതയുടെ കാര്യത്തിൽ മാത്രമല്ല, മതേതരത്വത്തിന്റെ കാര്യത്തിലും രാജ്യത്തിനു മാതൃകയായ സംസ്ഥാനമാണ് കേരളം. വർഗ്ഗീയ ശക്തികളെ ചെറുത്ത് തോൽപ്പിക്കുന്നതിൽ ഈ നാട്ടിലെ മതേതര പാർട്ടികളും സംഘടനകളും വഹിച്ച പങ്കും വളരെ വലുതാണ്. പ്രത്യേകിച്ച് ഇടതുപക്ഷ- പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ പങ്കാണുള്ളത്.

എന്നാൽ ഇപ്പോഴത്തെ സാഹചര്യം നമ്മളെ തീർച്ചയായും ഭയപ്പെടുത്തുന്നതാണ്. മുസ്ലീം സമുദായത്തിൽ ലീഗിനുള്ള ‘പിടി’ അയഞ്ഞതോടെ ശക്തിയാർജിച്ചു കൊണ്ടിരിക്കുന്നത് പോപ്പുലർ ഫ്രണ്ടും, എസ്.ഡി.പി.ഐയും, ജമാ അത്തെ ഇസ്ലാമിയുമാണ്. കോൺഗ്രസ്സിന് ചുവട് പിഴക്കുന്നതാകട്ടെ ബി.ജെ.പിക്കും ആർ.എസ്.എസിനുമാണ് വളമാകുന്നത്. ഇരു വിഭാഗവും തങ്ങൾ പ്രതിനിധീകരിക്കുന്ന മത വിഭാഗങ്ങളിലാണ് ഭിന്നിപ്പിനു ശ്രമിക്കുന്നത്. പച്ചയായ വർഗ്ഗീയത പ്രകടിപ്പിക്കുന്ന കാര്യത്തിൽ പോപ്പുലർ ഫ്രണ്ടും സംഘപരിവാർ സംഘടനകളും മത്സരിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുള്ളത്. അത് ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദേഷ മുദ്രാവാക്യത്തിൽ തുടങ്ങിതിരുവനന്തപുരത്ത് സംഘ പരിവാർ സംഘടനയായ ‘ദുർഗാവാഹിനി’യുടെ വാൾ പ്രദർശനത്തിൽ വരെ എത്തിനിൽക്കുകയാണ്. ഞെട്ടിക്കുന്ന കാഴ്ചയാണിത്. ആലപ്പുഴയിലും പാലക്കാട്ടും നടന്ന കൊലപാതകങ്ങളുടെ തുടർച്ചയായി മാത്രമേ ഈ പ്രകോപനങ്ങളെ വിലയിരുത്താൻ കഴിയുകയുള്ളൂ.

രാഷ്ട്രീയ കൊലപാതകങ്ങൾ സ്വിച്ചിട്ട പോലെ നിർത്താൻ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഒരാഹ്വാനം മാത്രം മതിയാകും.എന്നാൽ വർഗ്ഗീയ സംഘർഷങ്ങൾ അങ്ങനെ തടഞ്ഞു നിർത്താൻ കഴിയുകയില്ല. അത് കലാപമായി പടർന്നാൽ വൻ നാശം വിതച്ചാണ് കെട്ടടങ്ങുക. അതാണ് ചരിത്രവും. ആർ.എസ്.എസിന് ബദലാണ് പോപ്പുലർ ഫ്രണ്ട് എന്ന് പറഞ്ഞാണ് മുസ്ലീം ജനവിഭാഗത്തെ പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയും സ്വാധീനിക്കുന്നത്. കൊച്ചു കുട്ടികളിൽ മുതൽ വർഗീയ വിഷമാണ് ഇക്കൂട്ടർ കുത്തിവയ്ക്കുന്നത്. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന കുട്ടികളുടെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ നാടിനെ ഭയപ്പെടുത്തുന്നതാണ്.

ഇതേ മാർഗ്ഗം തന്നെയാണ് സംഘ പരിവാർ സംഘടനകളും പിന്തുടരുന്നത്. യുവതികളുടെ കൈകളിൽ വാളുകൾ ഉൾപ്പെടെ നൽകിയാണ് ഇവരുടെ പ്രകോപനം. മത രാഷ്ട്രത്തിനായി പ്രവർത്തിക്കുന്ന ഇരു വിഭാഗവും നാടിന്റെ മതേതരത്വത്തിനാണ് ഭീഷണി ഉയർത്തുന്നത്. ഇതിനെ അതീവ ഗൗരവത്തോടെ കണ്ട് പ്രതിരോധിച്ചില്ലങ്കിൽ ഈ നാട് തന്നെയാണ് നശിച്ചു പോകുക. ന്യൂനപക്ഷ വർഗ്ഗീയത ആയാലും ഭൂരിപക്ഷ വർഗ്ഗീയത ആയാലും അത് നാടിന് ആപത്താണ്. അത് ഇനിയും തിരിച്ചറിഞ്ഞില്ലങ്കിൽ വലിയ വില തന്നെ നാം കൊടുക്കേണ്ടിവരും.

പോപ്പുലർ ഫ്രണ്ടും അസദുദ്ദീൻ ഒവൈസിയുമെല്ലാം യഥാർത്ഥത്തിൽ ബി.ജെ.പിയെയാണ് വളർത്തുന്നത്. യു.പിയിൽ യോഗി ആദിത്യനാഥിന്റെ രണ്ടാം ഊഴം ഉറപ്പാക്കിയതിൽ ഈ സംഘടനകൾക്കും പങ്കുണ്ട്. ഒവൈസിയുടെ പ്രകോപനപരമായ പ്രസംഗം സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാൻ ബി.ജെ.പിക്ക് ഗുണം ചെയ്തിട്ടുണ്ട്. ബീഹാറിൽ പ്രതിപക്ഷ സഖ്യത്തിന് ഭരണം ഇല്ലാതാക്കിയതും ഒവൈസിയുടെ സാന്നിധ്യമാണ്. തീവ്ര നിലപാടുകാരായ മുസ്ലീം നേതാക്കളുടെ പ്രസ്താവനകൾ യഥാർത്ഥത്തിൽ ബി.ജെ.പിക്കാണ് രാഷ്ട്രീയമായി ഗുണം ചെയ്യുന്നത്.
തീവ്രവാദം ആരോപിച്ച് പല മുസ്ലീം നേതാക്കളെയും പിടികൂടി ജയിലിൽ അടച്ച കേന്ദ്ര ഏജൻസികൾ ഇതുവരെ പോപ്പുലർ ഫ്രണ്ടിനും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനും എതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

“നിരോധനം കൊണ്ട് എല്ലാം ഇല്ലാതാക്കാൻ കഴിയില്ലന്നാണ് ” ഇതു സംബന്ധമായ ചോദ്യത്തിന് ബി.ജെ.പി നേതാക്കൾ നൽകിയിരിക്കുന്ന മറുപടി. ഇതിൽ നിന്നു തന്നെ ഒരു കാര്യം വ്യക്തമാണ്. പോപ്പുലർ ഫ്രണ്ടും അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയും എല്ലാം നിലനിൽക്കേണ്ടത് ബി.ജെ.പിയുടെയും സംഘപരിവാർ സംഘടനകളുടെയും ആവശ്യമാണ്. ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണ് അവർ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഇപ്പോൾ പയറ്റുന്നതും അതേ തന്ത്രമാണ്. ഇവിടെ ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താനും സംഘപരിവാർ ശ്രമിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് ഭീഷണിയിൽ പകച്ചുപോയ അനുയായികളെ പിടിച്ചു നിർത്താനാണ് സംസ്ഥാന വ്യാപകമായി ഇപ്പോൾ പരിവാർ സംഘടനകൾ തെരുവിൽ ഇറങ്ങിയിരിക്കുന്നത്.തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി ദുർഗാവാഹിനി പ്രവർത്തകർ റാലി നടത്തിയതും ഇതി ന്റെ ഭാഗമാണ്.

ആയുധ നിയമപ്രകാരവും സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതും ചൂണ്ടിക്കാട്ടി ഇതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും സംഘടനാപരമായ ദൗത്യം തുടരുക തന്നെ ചെയ്യുമെന്നാണ് പരിവാർ നേതൃത്വം അറയിച്ചിരിക്കുന്നത്. ദുർഗാ വാഹിനി പഥസഞ്ചലനത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നാണ് ആർ.എസ്.എസും വിശ്വഹിന്ദു പരിഷത്തും ആരോപിച്ചിരിക്കുന്നത്.പഥസഞ്ചലനത്തിൽ വാളിന്റെ ഡമ്മിയാണ് കുട്ടികൾ ഉപയോഗിച്ചതെന്നാണ് അവരുടെ വാദം. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുട്ടിയെ ഉപയോഗിച്ച് നടത്തിയ കൊലവിളി മുദ്രാവാക്യ കേസിന് തുല്യമാക്കാനാണ് ദുർഗാവാഹിനിക്കാർക്കെതിരെ ഇപ്പോൾ പോലീസ്‌ ഇത്തരമൊരു വ്യാജ കേസ് എടുത്തിരിക്കുന്നതെന്ന ആരോപണവും, സംഘപരിവാർ സംഘടനകൾ ഉയർത്തിയിട്ടുണ്ട്.ഇത് സത്യമാണെങ്കിലും അല്ലെങ്കിലും കുട്ടിയുടെ മുദ്രാവാക്യം പോലെ തന്നെ ഗുരുതരമാണ് വാളേന്തി നടത്തിയ പ്രകടനമെന്നതും, ഒരു യാഥാർത്ഥ്യമാണ് .

EXPRESS KERALA VIEW

 

Top