ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് വിതരണം ചെയ്തത് 136 കോടി രൂപയുടെ അനുകൂല്യങ്ങള്‍

തിരുവനന്തപുരം: ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് കൈത്താങ്ങായി തൊഴില്‍ വകുപ്പ് വിതരണം ചെയ്തത് 136 കോടി രൂപയുടെ അനുകൂല്യങ്ങളാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പരമ്പരാഗത തൊഴില്‍ മേഖലകളായ കയര്‍, കൈത്തറി, ഖാദി, ബീഡി, മത്സ്യ, ഈറ്റ,പനമ്പ് മേഖലകളിലെ 4,28,742 തൊഴിലാളികള്‍ക്കായി 34 കോടി രൂപ സാമ്പത്തിക പിന്താങ്ങല്‍ പദ്ധതി പ്രകാരം അനുവദിച്ചു. പൂട്ടിക്കിടക്കുന്ന 427 കശുവണ്ടി ഫാക്ടറികളിലെ 18,925 തൊഴിലാളികള്‍ക്ക് 2,250 രൂപ നിരക്കില്‍ എക്‌സ്‌ഗ്രേഷ്യ വിതരണം നടത്തുന്നതിന് 4,25,81,250 രൂപ അനുവദിച്ചുവെന്നും വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

മൂന്നുവര്‍ഷത്തില്‍ താഴെയായി പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ 2,897 തൊഴിലാളികള്‍ക്ക് 2,000 രൂപ നിരക്കില്‍ 57,94,000 രൂപ അനുവദിച്ചു. അസംഘടിത മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്കുള്ള ആശ്വാസ ധനസഹായമായി 941 പേര്‍ക്ക് 2,000 രൂപ നിരക്കില്‍ 18,82,000 രൂപ അനുവദിച്ചു. അവശത അനുഭവിക്കുന്ന മരം കയറ്റ് തൊഴിലാളികള്‍ക്ക് അവശത പെന്‍ഷന്‍ കുടിശിക ഉള്‍പ്പെടെ 1,350 പേര്‍ക്ക് 1,74,69,100 രൂപ അനുവദിച്ചു. ജോലിക്കിടെ അപകടം സംഭവിച്ച മരം കയറ്റ തൊഴിലാളികള്‍ക്ക് ഒറ്റത്തവണ ധനസഹായമായി 152 പേര്‍ക്ക് 1,05,15,000 രൂപ അനുവദിച്ചു.

ഇതിനുപുറമെ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്നതിന് വേണ്ടി ഒരുകോടി രൂപ അനുവദിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് കൈത്തറി തൊഴിലാളികള്‍ക്ക് കൂലി ഇനത്തില്‍ നല്‍കാനുള്ള 25 കോടി രൂപ അനുവദിച്ചു. സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് ജൂണ്‍,ജൂലൈ മാസങ്ങളിലെ ഓണറേറിയമായി 50.12 കോടി രൂപ അനുവദിച്ചു.

സംസ്ഥാനത്ത് ബോണസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴില്‍ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബോണസ് നിശ്ചയിച്ചതായും മന്ത്രി അറിയിച്ചു.

Top