കര്‍ണാടക: കര്‍ണാടകയില്‍ ബജറ്റ് സമ്മേളനത്തിനിടെ എം.എല്‍.എയെന്ന വ്യാജേന നിയമസഭക്കുള്ളില്‍ കടന്നയാള്‍ പിടിയില്‍. വെള്ളിയാഴ്ചയാണ് വന്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടുന്ന സംഭവം അരങ്ങേറിയത്.തിപ്പെരുദ്ര എന്നയാളാണ് 15 മിനിറ്റോളം സഭാഹാളില്‍ എം.എല്‍.എമാരുടെ ഇരിപ്പിടത്തില്‍ ഇരുന്നത്. പ്രതിപക്ഷ നിരയില്‍ ജെ.ഡി-എസ് എം.എല്‍.എമാരായ കാരെമ്മ ജി നായക്, ശരണ്‍ ഗൗഡ എന്നിവര്‍ക്കിടയിലെ സീറ്റിലാണ് ഇയാള്‍ ഇരുന്നത്.
നിയമസഭയിലെ സന്ദര്‍ശക ഗാലറിയിലേക്കുള്ള പാസ് സംഘടിപ്പിച്ച് വിധാന്‍ സൗധയില്‍ കടന്ന പ്രതി എം.എല്‍.എയുടെ പേരു പറഞ്ഞാണ് സഭാഹാളില്‍ കടന്നതെന്ന് ബംഗളൂരു സെന്‍ട്രല്‍ ഡി.സി.പി ആര്‍. ശ്രീനിവാസ ഗൗഡ പറഞ്ഞു.15 മിനിറ്റോളം സഭയില്‍ ചെലവഴിച്ച ഇയാളെ പിന്നീട് വിധാന്‍ സൗധ പൊലീസ് കസ്റ്റഡിയിലെടുത്തു. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ജോയന്റ് കമീഷണര്‍ എസ്.ഡി. ശരണപ്പയുടെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്.നിയമസഭയിലെ സുരക്ഷ വീഴ്ച സംബന്ധിച്ച് ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര വിശദ റിപ്പോര്‍ട്ട് തേടി.