‘പഠാൻ’ പ്രദർശനത്തിനിടെ സ്ക്രീൻ കുത്തിക്കീറി യുവാക്കൾ, പ്രതിഷേധം, അറസ്റ്റ്

ദ്യ​ഗാനത്തിന്റെ റിലീസ് മുതൽ ആരംഭിച്ച വിവാദങ്ങൾക്കും പ്രശ്നങ്ങളും ശമനമില്ലാതെ പഠാൻ. ഒരിടവേളയ്ക്ക് ശേഷം ഹിന്ദി സിനിമാ വ്യവസായത്തെ തിരിച്ചുപിടിച്ച ഷാരൂഖ് ഖാൻ ചിത്രം ആയിരം കോടി കളക്ഷനിലേക്ക് കുതിക്കാനൊരുങ്ങവെ പലഭാ​ഗങ്ങളിലും പഠാനെതിരെ പ്രശ്നങ്ങൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ പഠാൻ പ്രദർശനത്തിനിടെ സ്ക്രീൻ കുത്തിക്കീറിയ യുവാക്കളെ അറസ്റ്റ് ചെയ്തെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ബീഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം. ഇവിടുത്തെ ലാൽ ടാക്കീസിൽ ചൊവ്വാഴ്ച രാത്രി 6 മണിക്കുള്ള ഫസ്റ്റ് ഷോയ്ക്കിടെ ആണ് പ്രശ്നമുണ്ടായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നാല് യുവാക്കൾ ഒരുമിച്ചാണ് ചിത്രം കാണാനെത്തിയത്. പ്രദർശനം തുടരുന്നതിനിടെ ഇവരിലൊരാൾ സ്‌ക്രീനിന് അടുത്തേക്ക് പോവുകയും കത്തിയെടുത്ത് സ്‌ക്രീൻ കുത്തിക്കീറുകയും ചെയ്തു. ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നാലെ തിയറ്ററിൽ പ്രതിഷേധങ്ങൾ ഉയർന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ കൂട്ടുകാരെ തിയറ്ററിന് അകത്തുണ്ടായിരുന്നവർ വളഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. രണ്ട് സുഹൃത്തുക്കളെയാണ് അറസ്റ്റ് ചെയ്തത്. ഒരാൾ പ്രതിയ്ക്ക് ഒപ്പം തന്നെ രക്ഷപ്പെട്ടിരുന്നു.

ജനുവരി 25ന് റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ചിത്രം തിയറ്ററുകളിൽ മിന്നും പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം പഠാൻ 850 കോടി പിന്നിട്ടു കഴിഞ്ഞു. ലോകമെമ്പാടുമായുള്ള കണക്കാണിത്. ഇന്ത്യൽ 430 കോടിയും പഠാൻ സ്വന്തമാക്കി കഴിഞ്ഞു.

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രമെന്ന നിലയിൽ പഠാൻ പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയിരുന്നു. ദീപിക പദുക്കോൺ നായികയായ ചിത്രത്തിൽ ജോൺ എബ്രഹാം പ്രതിനായക വേഷത്തിൽ എത്തിയിരുന്നു.

Top