പൊടി പടലങ്ങള്‍ നിറഞ്ഞ് പ്രവര്‍ത്തിക്കുന്നില്ല; ഇന്‍സൈറ്റ് ലാന്‍ഡര്‍ ദൗത്യം ഉപക്ഷിച്ച് നാസ

ചൊവ്വാ ഗ്രഹത്തിലെ പൊടി പടലങ്ങളില്‍ മൂടി പ്രവര്‍ത്തനം നിലച്ച് നാസയുടെ റോബോട്ടിക് ലാന്‍ഡറായ ഇന്‍സൈറ്റ് ലാന്‍ഡര്‍. നാല് വര്‍ഷത്തെ മിഷന് ശേഷമാണ് 813 മില്യണ്‍ ഡോളര്‍ വില മതിക്കുന്ന ഇന്‍സൈറ്റ് പ്രവര്‍‌ത്തനം നിര്‍ത്തിയത്. ചൊവ്വയിലെ കമ്പനങ്ങളും പൊടിപടലങ്ങളും ഉൽക്കകളുടെ ആഘാതങ്ങളും പഠിക്കാനായാണ് നാല് വര്‍ഷം മുന്‍പ് ഇന്‍സൈറ്റിനെ വിക്ഷേപിച്ചത്.

തുടർച്ചയായ പൊടിക്കാറ്റിൽ സൗരോർജ പാനലുകളിൽ പൊടിപടലം നിറഞ്ഞതോടെ ഇന്‍സൈറ്റിന്റെ പ്രവര്‍ത്തനം തകരാറിലാവുകയായിരുന്നു. 2018 മെയ് അഞ്ചിനായിരുന്നു ഇന്‍സൈറ്റ് വിക്ഷേപിച്ചത്. നവംബര്‍ 26നാണ് ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങിയത്. ചൊവ്വയുടെ ഉപരിതലത്തില്‍ അഞ്ച് മീറ്ററിലധികം കുഴിച്ച് ആന്തരിക ഘടനയേക്കുറിച്ച് പഠിക്കാനുള്ള ദൌത്യവുമായാണ് ഇന്‍സൈറ്റ് ചൊവ്വയിലെത്തിയത്. ഇന്‍സൈറ്റുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള നിരവധി ശ്രമങ്ങൾക്ക് ശേഷമാണ് ദൗത്യം ഉപേക്ഷിക്കുന്നതായി നാസ വിശദമാക്കിയത്.

ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച നാസയുടെ പ്രഖ്യാപനമെത്തുന്നത്. ചൊവ്വയുടെ പ്രതലത്തിലുണ്ടായ 1300ഓളം കമ്പനങ്ങളാണ് ഇന്‍സൈറ്റ് തിരിച്ചറിഞ്ഞത്. പതിനായിരത്തോളം പൊടിക്കാറ്റുകളെ അതിജീവിച്ചായിരുന്നു ഇന്‍സൈറ്റ് ചൊവ്വയില്‍ നിലനിന്നത്. ചൊവ്വയുടെ ആന്തരിക ഭാഗത്തേക്കുള്ള പഠനം നടത്തുന്ന മിഷന്‍ 2021ലാണ് നാസ അവസാനിപ്പിച്ചത്. ചൊവ്വയുടെ പ്രതലത്തില്‍ നിന്ന് കൂടുതല്‍ അകത്തേയ്ക്ക് കുഴിക്കാന്‍ ആവാതെ വന്നതോടെയായിരുന്നു ഇത്.

Top