കുവൈറ്റ്: പൊടിക്കാറ്റിനു ശേഷം കുവൈറ്റിലെ വിവിധ റോഡുകളില്‍ നിന്ന് നീക്കിയത് 2,00,000 ക്യുബിക് മീറ്റര്‍ മണല്‍. കഴിഞ്ഞ ദിവസം വീശിയ പൊടിക്കാറ്റിന് ശേഷമാണ് ഇത്രയും മണല്‍ റോഡില്‍ നിന്നും നീക്കിയത്. മരുഭൂമിയോട് ചേര്‍ന്ന റോഡുകളിലാണ് പൊടി നിറഞ്ഞിരിക്കുന്നത്. വിജനമേഖലയിലെ ഹൈവേകളില്‍ ഗതാഗതം തടസ്സപ്പെടും വിധം മണല്‍ റോഡില്‍ നിറഞ്ഞു കിടക്കാറുണ്ട്. പൊടിക്കാറ്റ് വീശിയാല്‍ പിന്നാലെ റോഡുകളിലെ മണല്‍ നീക്കുന്നത് പതിവാണ്. ഏകദേശം 30,000 ക്യുബിക് മീറ്റര്‍ മണല്‍ വരെ നീക്കാനുണ്ടാകും.
ചില നേരങ്ങളില്‍ ഇത് ഇരട്ടിയായിരിക്കും. സബാഹിയ, സാല്‍മിയ, അബ്ദലി, കബദ് എന്നിവിടങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് മണല്‍ നീക്കിയത്. വഫ്‌റ റോഡില്‍ റോഡ് ഗതാഗത അതോറിറ്റിയാണ് ഈ ജോലി നിര്‍വഹിക്കുന്നത്. റോഡുകളില്‍ അടിഞ്ഞു കൂടുന്ന മണലിന്റെ അളവ് കുറയ്ക്കാന്‍ ഹൈവേകളുടെ ഓരത്ത് ഈന്തപ്പന വെച്ചുപിടിപ്പിക്കണമെന്ന നിര്‍ദേശം വന്നിട്ടുണ്ടെങ്കിലും ഇത് വരെ നടപ്പായിട്ടില്ല.