തൃശൂര്‍ : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ വടക്കേക്കാട് ഷമീറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 12 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ.
തൃശൂര്‍ ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരായ വടക്കേക്കാട് തിരുവളയന്നൂര്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍(37), പുന്നയൂര്‍ പറയിരിക്കപ്പറമ്പ് വലിയവളപ്പില്‍ സുരേഷ് (29), വടക്കേക്കാട് ഉറുകുളങ്ങര ചന്ദ്രന്‍(39), കല്ലൂര്‍ വട്ടത്തൂര്‍ വീട്ടില്‍ ബാബു(37), പാട്ടത്തയില്‍ സുനില്‍(36), ചക്കംപറമ്പ് കൂളിയാട്ട് സജയന്‍(30), പാട്ടത്തയില്‍ അഭിലാഷ്(35), പുന്നയൂര്‍ മച്ചിങ്ങല്‍ അനില്‍കുമാര്‍ (39), കല്ലൂര്‍ എടക്കാട്ട് രഞ്ജിത് (32), കൊമ്പത്തയില്‍ പടി കൊളങ്ങാട്ടില്‍ വിജയന്‍(34), പേങ്ങാട്ടുതറ തൈക്കാട്ടില്‍ ശ്രീമോദ്(33), അണ്ടിക്കോട്ടുകടവ് കൊട്ടരപ്പാട്ടില്‍ സുധാകരന്‍ (42) എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
കേസിലെ രണ്ടാം പ്രതി സുരേഷ് വിചാരണക്കിടെ മരിച്ചിരുന്നു. 13ാം പ്രതിയെ തെളിവില്ലെന്ന കാരണത്താല്‍ വെറുതെവിട്ടിരുന്നു.
2005 ജനുവരി 18ന് രാത്രി 10.30നാണ് വടക്കേക്കാട് നന്ത്യാണത്തയില്‍ മൊയ്തീന്റെ മകന്‍ ഷമീറി (21)നെ മണികണ്‌ഠേശ്വരം പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്സവത്തിനിടെ പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്.
രക്ഷപ്പെടാന്‍ ക്ഷേത്രത്തിനു സമീപത്തെ വീടിന്റെ കുളിമുറിയില്‍ ഒളിച്ച ഷമീറിനെ പിറകെയെത്തിയ പ്രതികള്‍ വലിച്ചിറക്കി വീടിനു മുറ്റത്തിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
2014-ല്‍ തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെപി സുധീര്‍ മുമ്പാകെയാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഇതിനിടെ ജഡ്ജി ഒന്നാം അഡീഷനല്‍ സെഷന്‍ കോടതിയിലേക്ക് സ്ഥലംമാറി.
വിചാരണ നടത്തിയ ജഡ്ജിയുടെ കോടതിയിലേക്ക് കേസ് കൈമാറണമെന്ന ഷമീറിന്റെ ഉമ്മ കുഞ്ഞുമോളുടെ അപേക്ഷ പരിഗണിച്ച് കേസ് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി.
ഇതിനെതിരെ പ്രതികളില്‍ ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസിന്റെ വിസ്താരം പൂര്‍ത്തിയാക്കിയ ജഡ്ജി കെപി സുധീര്‍ സ്ഥലം മാറിപ്പോയതിനെത്തുടര്‍ന്ന് പുതിയ ജഡ്ജി ജോണ്‍ ഇല്ലിക്കാടനാണ് വാദം കേട്ടത്.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെബി മോഹന്‍ദാസ് ഹാജരായി. ചാവക്കാട് സിഐ ആയിരുന്ന എംപി മോഹനചന്ദ്രനാണ് അന്വേഷണം നടത്തിയത്.