ന്യൂഡല്‍ഹി കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുള്‍പ്പെടെ ഏതു കാര്യവും അന്വേഷിക്കപ്പെടേണ്ടതാണെന്ന് ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ പി.എ.മുഹമ്മദ് റിയാസ്.
വിഷയം രാഷ്ട്രീയമായി കാണേണ്ടതല്ല. സംഭവിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. ഗുണ്ടാസംഘങ്ങള്‍ രാജ്യത്തു പലയിടത്തും അപകടകാരികളായ വര്‍ഗമായി മാറിയിരിക്കുകയാണെന്നും റിയാസ് പറഞ്ഞു.
ഇവരെ തെരുവില്‍ ഉള്‍പ്പെടെ നേരിടാന്‍ എല്ലാ യുവജന, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ഡിവൈഎഫ്‌ഐ സഹകരിക്കും. എന്നാല്‍, അക്രമികളെ പ്രോല്‍സാഹിപ്പിക്കുന്ന സംഘങ്ങളുമായി കൈകോര്‍ത്തിട്ടു കാര്യമില്ല. സദാചാര ഗുണ്ടായിസത്തെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊന്നിനും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍ ആക്രമണത്തിന് ഇരയായ സ്ത്രീയുമായി സംസാരിക്കുകയും സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കുറ്റവാളികളെ പിടികൂടാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുമുണ്ടെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.