dyfi against congress leader digvijay sigh

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്‌ഐ രംഗത്ത്.

ഇസ്ലാം മതപാഠശാലകളായ മദ്രസകള്‍, ആര്‍എസ്എസ് നടത്തിവരുന്ന സരസ്വതി ശിശു മന്ദിരങ്ങള്‍ പോലെ തന്നെ വിദ്വേഷം കുത്തിവെയ്ക്കുന്നതാണ് എന്ന ദിഗ്‌വിജയ് സിങ്ങിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നു ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു.

ദിഗ്‌വിജയ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഹൈദ്രാബാദ് പോലീസ് ദിഗ് വിജയ് സിംഗിനെതിരെ കേസെടുത്ത് എഫ്‌ഐആര്‍ റെജിസ്റ്റര്‍ ചെയ്തു.

സരസ്വതി ശിശുമന്ദിരങ്ങള്‍ വഴി ആര്‍എസ്എസ് നടത്തികൊണ്ടിരിക്കുന്നത് ഹിന്ദുമത പഠനമല്ല മറിച്ച് സിലബസുകളില്‍ ചരിത്രവിരുദ്ധതയും കപട ദേശീയതയും കുത്തിനിറക്കലാണ്. മദ്രസാ വിദ്യാഭ്യാസത്തിന്റെ വസ്തുതകളും ചരിത്രവും പരിശോധിക്കാതെ പടച്ചു വിടുന്ന ഇത്തരം പ്രസ്താവനകള്‍ മൃദുഹിന്ദുത്വ പ്രീണന രാഷ്ട്രീയം ലക്ഷ്യമാക്കിയുള്ളതു മാത്രമാണെന്നതില്‍ സംശയമില്ല. ഇന്ത്യയില്‍ മദ്രസാ വിദ്യാഭ്യാസത്തിന്റെ ചരിത്രത്തിന്, മുസ്ലിം സമുദായ പരിഷ്‌കരണ മുന്നേറ്റത്തിന് തുടക്കം കുറിച്ച സര്‍ സയിദ് അഹമ്മദ് സാഹിബിനോളം പഴക്കമുണ്ട്. ദിയോബന്ദി,ബാരല്‍വി തുടങ്ങിയ നിരവധി ഇസ്ലാം സെമിനാരികള്‍ മതനവീകരണ പ്രയത്‌നങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ചവയാണ്.

സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഇന്ത്യയില്‍ പ്രമുഖ മൗലാനമാരെല്ലാം തന്നെ ശക്തമായ സാമ്രാജ്യത്വ വിരോധം പ്രകടിപ്പിച്ചവരായിരുന്നു. എന്നു മാത്രമല്ല മതാടിസ്ഥാനത്തിലുള്ള രാജ്യത്തിന്റെ വിഭജനത്തെ എതിര്‍ത്തവരുമായിരുന്നു എന്ന് രാം പുനിയാനി ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. മതപഠന ശാലകള്‍ തീവ്രവാദത്തിന്റെ ജന്മ കേന്ദ്രങ്ങളായി മാറിയ പാകിസ്താന്റെ അനുഭവം നമുക്ക് അറിയാം. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ഭരണത്തിനെതിരെ ‘വിശുദ്ധ യുദ്ധം’ നയിക്കാനെന്ന പേരില്‍ അമേരിക്ക ഒഴുക്കിയ പണക്കൊഴുപ്പില്‍ കെട്ടി പൊക്കിയ ആ പാഠശാലകള്‍ ഇസ്ലാമിനെ എറ്റവും അപകടകരവും വസ്തുതാ വിരുദ്ധവുമായി വ്യാഖാനിച്ചു കൊണ്ടാണ് നമ്മള്‍ ഇന്നും അഭിമുഖീകരിക്കുന്ന ത്രീവ്രവാദ ഭീതികള്‍ക്ക് രൂപം കൊടുത്തത്. ആ അളവുകോല്‍ വെച്ചു കൊണ്ട് ഇന്ത്യയിലെ മദ്രസാ വിദ്യാഭ്യാസത്തെയാകെ വര്‍ഗ്ഗീയവത്കരിക്കുന്നത് അങ്ങേയറ്റം നിന്ദ്യമാണ്.

ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ത്രീവ്രവാദ ഗ്രൂപ്പുകളുടെ ആശയങ്ങളെ പരസ്യമായി തളളി പറഞ്ഞു കൊണ്ട് അതിനെതിരെ ശക്തമായ പ്രചരണം നടത്തിയവരാണ് ഇന്ത്യയിലെ എല്ലാ പ്രധാന മുസ്ലിം വിശ്വാസി വിഭാഗങ്ങളും അവയുടെ പണ്ഡിതരും. ഇതൊന്നും പരിഗണിക്കാതെയുള്ള വിദ്വേഷം കലര്‍ന്ന പ്രസ്താവനകള്‍ നടത്തി ‘നിക്ഷ്പക്ഷത’ അവകാശപ്പെടുന്നവരാണ് ഇന്ന് ഇന്ത്യന്‍ മതേതരത്വത്തിന്റെ ശാപം. ഈ വിഷയത്തില്‍ കുറ്റകരമായ മൗനം കാത്തുസൂക്ഷിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും സഖ്യ കക്ഷിയായ മുസ്ലിം ലീഗും ഏതു രാഷ്ട്രീയത്തിനു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നത് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

Top