ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ജി.എസ്.ടിക്കെതിരെ വിമര്‍ശിച്ച തമിഴ് സിനിമ ‘മെര്‍സലിനെതിരെ’ രംഗത്തു വന്ന ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ രംഗത്ത്.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചാല്‍ ഭീഷണിപ്പെടുത്തുന്ന നയം ബി.ജെ.പിയുടെ ഫാസിസ്റ്റ് മനോഭാവത്തെയാണ് തുറന്ന് കാട്ടുന്നതെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് തുറന്നടിച്ചു.
മോദി സര്‍ക്കാറിന്റെ നയങ്ങളെ സിനിമയില്‍ പോലും വിമര്‍ശിക്കാന്‍ പാടില്ലന്ന് പറയുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.
സിനിമാ നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തി സെന്‍സര്‍ ചെയ്ത സിനിമയെ വീണ്ടും റീ സെന്‍സര്‍ ചെയ്യാനുള്ള നീക്കത്തിന് കേന്ദ്ര മന്ത്രിമാരും ബി.ജെ.പി ദേശീയ നേതാക്കളും നേതൃത്വം കൊടുക്കുന്നത് വെല്ലുവിളിയാണെന്നും റിയാസ് പറഞ്ഞു.
മെര്‍സലില്‍ അഭിനയിച്ച വിജയ് എന്ന നടന്റെയും ഭാര്യയുടെയും ജാതി പറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുന്ന ബി.ജെ.പി നേതൃത്വം നാടിന് അപമാനമാണെന്നും, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഗുണ്ടായിസത്തെ ഡി.വൈ.എഫ്.ഐ ചെറുക്കുമെന്നും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വ്യക്തമാക്കി.
ഒരിക്കല്‍ സെന്‍സര്‍ ചെയ്ത സിനിമ വീണ്ടും സെന്‍സര്‍ ചെയ്യുന്നത് ശരിയല്ലന്നും ,സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണ് നേരിടേണ്ടതെന്ന് പറഞ്ഞ് നടന്‍ കമല്‍ ഹാസനും സംവിധായകന്‍ പാ രഞ്ജിത്തും രംഗത്ത് വന്നതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐയും ശക്തമായി രംഗത്ത് വന്നിരിക്കുന്നത്.
അഭിപ്രായം തുറന്നു പറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും കമല്‍ അഭിപ്രായപ്പെട്ടിരുന്നു.
130 കോടി ചിലവില്‍ നിര്‍മ്മിച്ച സിനിമക്കുള്ള ബി.ജെ.പി ഭീഷണിക്ക് വഴങ്ങി വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.
ചൊവ്വാഴ്ചയോടെ ഈ ഭാഗം സെന്‍സര്‍ ബോര്‍ഡില്‍ പോയി ഒഴിവാക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ഇതിനിടെ ഭീഷണിക്ക് വഴങ്ങരുതെന്ന് സിനിമാലോകവും ശക്തമായി നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്.