ഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നിയമം മുസ്ലിം മതവിഭാഗത്തിന് എതിരെയുള്ളതാണെന്ന വാദവുമായി ഡിവൈഎഫ്‌ഐ. പൗരത്വ നിയമ ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിന് എതിരെയുള്ളതാണെന്നും ഭാവിയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കാന്‍ മതം മാറേണ്ടി വരുമെന്നും സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടുന്നു.
അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഇവിടങ്ങളില്‍ നിന്നുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ടതാണ് പൗരത്വ നിയമ ഭേദഗതി നിയമം. വിഷയത്തില്‍ ഡിവൈഎഫ്‌ഐക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ അഡ്വ പിവി സുരേന്ദ്രനാഥാണ് സുപ്രീം കോടതിയില്‍ സബ്മിഷന്‍ എഴുതി നല്‍കിയത്. ഭരണഘടനയിലെ 14ാം അനുച്ഛേദത്തിന്റെ നഗ്‌നമായ ലംഘനമാണ് ഇതെന്നും ഇതില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.