വിദ്യാര്‍ഥികള്‍ക്ക് നേരെ അതിക്രമം ; പൊലീസ് ആസ്ഥാനം ഉപരോധിക്കാൻ ഡിവൈഎഫ്ഐ

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടികളില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും രംഗത്ത്. ഡല്‍ഹിയിലെ പൊലീസ് ആസ്ഥാനം ഉപരോധിക്കാനാണ് ഡിവൈഎഫ്‌ഐയുടെ ആഹ്വാനം.

രാത്രി ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ എത്തിച്ചേരാനാണ് യുവാക്കളോടും വിദ്യാര്‍ത്ഥികളോടും ഡല്‍ഹിയിലെ താമസക്കാരോടും അറിയിച്ചിരിക്കുന്നത്.

ഇന്ന് തന്നെ പ്രതികരിച്ചില്ലെങ്കില്‍ സ്ഥിതി കശ്മീരിലേതിന് സമാനമാകുമെന്നും ഡിവൈഎഫ്‌ഐ പറയുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥികളുമായി ചേര്‍ന്നാവും ഡിവൈഎഫ്‌ഐയും പ്രതിഷേധിക്കുക. രാത്രി തന്നെ പൊലീസ് ആസ്ഥാനം ഉപരോധിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ന് കാമ്പസിനകത്തേക്ക് പ്രവേശിച്ച പൊലീസ് വെടിയുതിര്‍ക്കുകയും വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു.

വൈകുന്നേരം ആരംഭിച്ച പ്രതിഷേധം വലിയ തോതിൽ അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാർ വ്യാപകമായി വാഹനങ്ങൾക്ക് തീയിട്ടു. ഇതിന് പിന്നാലെ പൊലീസുമായി കല്ലേറുമുണ്ടായി. ഇതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പൊലീസ് വെടിയുതിർത്തതായും ആരോപണമുയർന്നു.

സംഘര്‍ഷത്തില്‍ പങ്കില്ലെന്നറിയിച്ച വിദ്യാര്‍ഥികള്‍, പൊലീസ് വാഹനം കത്തിക്കുന്നതിനെ സാധൂകരിക്കുന്ന വീഡിയോകളും പുറത്ത് വിട്ടു. പൊലീസ് അതിക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് കാമ്പസിന് പുറത്തേക്ക് വരാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അനുമതിയില്ലാതെയാണ് പൊലീസ് കാമ്പസിലേക്ക് പ്രവേശിച്ചതെന്ന് യൂണിവേഴ്‌സിറ്റി പ്രോക്ടറും അറിയിച്ചു.

Top